തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പുതുതായി ചുമതലയേറ്റ കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികളായി ഓണ്‍ലൈനായി സംവദിച്ചു.
തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംരംഭക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറാന്‍ കുടുംബശ്രീയ്ക്ക് കഴിയണമെന്നും സ്ത്രീശാക്തീകരണ, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ വിജയകരമായിത്തീര്‍ക്കുകയെന് ഭാരിച്ച ഉത്തരവാദിത്വമാണ് പുതിയ ഭാരവാഹികള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കൂടി അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതിനായി ബി.പി.എല്‍, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും നിശ്ചിത ശതമാനം സംവരണം ഉറപ്പു വരുത്തിക്കൊണ്ടാണ് കുടുംബശ്രീ തെരഞ്ഞെടുപ്പ് ഇത്തവണ സംഘടിപ്പിച്ചതെന്നും ഇതുവഴി ഈ വിഭാഗത്തില്‍നിന്നും നിശ്ചിത പ്രാതിനിധ്യം കുടുംബശ്രീ ത്രിതല സമിതിയില്‍ ഉറപ്പാക്കുന്നതിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച സാങ്കേതിക ജ്ഞാനം നേടി പദ്ധതികള്‍ മാതൃകാപരമായി ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിലൂടെ ലോകത്തിന് മുന്നില്‍ ഉജ്ജ്വലമായ മുന്നേറ്റം നടത്താന്‍ പുതുതായി ചുമതലയേറ്റ ഭാരവാഹികള്‍ക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ അനു. ആര്‍.എസ് നന്ദി പറഞ്ഞു.