വരുന്നൂ…കുടുംബശ്രീ ‘സ്ത്രീശക്തി’ കലാജാഥ

അവര്‍ 42 കുടുംബശ്രീ അംഗങ്ങള്‍. കഴിഞ്ഞ നാല് ദിനങ്ങളിലായി തൃശ്ശൂരിലെ മുളങ്കുന്നത്തുകാവിലുള്ള കിലയില്‍ സംഘടിപ്പിച്ച നാടകക്കളരിയിലൂടെ പഠിച്ചെടുത്ത പാഠങ്ങള്‍ മനസ്സിലുറപ്പിച്ച്  അവര്‍ വേദിയിലേക്ക് എത്തി. ആത്മവിശ്വാസത്തോടെ മൂന്ന് നാടകങ്ങളും രണ്ട് സംഗീത ശില്‍പ്പങ്ങളും അവതരിപ്പിച്ച് ക്ഷണിക്കപ്പെട്ട സദസ്സിന്റെ മനംകവര്‍ന്നു.

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേയുള്ള സന്ദേശങ്ങള്‍ കേരള സമൂഹത്തിലെമ്പാടുമെത്തിക്കാനും സ്ത്രീശാക്തീകരണത്തിന് അനുകൂലമായ മനോഭാവം വളര്‍ത്താനും ലക്ഷ്യമിട്ട് അണിയിച്ചൊരുക്കപ്പെട്ട  സ്ത്രീശകതി കലാജാഥയുടെ ഭാഗമാണ് ഈ നാടകങ്ങളും സംഗീതശില്‍പ്പങ്ങളും. 23 മുതല്‍ 26 വരെ നടന്ന നാടകക്കളരിയുടെ അവസാനദിനത്തിലായിരുന്നു ആസ്വാദക മനംകവര്‍ന്ന ആദ്യ രംഗാവതരണം.

2021 ഡിസംബര്‍ 18 മുതല്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ നടത്തിവരുന്ന സ്ത്രീപക്ഷ നവകേരളം സംസ്ഥാനതല ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി 14 ജില്ലകളിലും സ്ത്രീശക്തി കലാജാഥ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ആദ്യഘട്ട പരിശീലനം നല്‍കിയതിന് ശേഷമാണ് എല്ലാജില്ലകളില്‍ നിന്നുമായി തെരഞ്ഞെടുത്ത 42 പേര്‍ക്ക് കിലയില്‍ രണ്ടാംഘട്ട പരിശീലനം സംഘടിപ്പിച്ചത്.

‘സ്ത്രീശക്തി കലാജാഥയ്ക്കായി എല്ലാ ജില്ലകളിലും  രൂപീകരൂപീകരിച്ചിരിക്കുന്ന ഒന്ന് വീതം ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് ഇവര്‍ പരിശീലനം നല്‍കും. ആകെ 168 വനിതകള്‍ ഇങ്ങനെ പരിശീലനം നേടും. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് കോഴിക്കോട് ‘സ്ത്രീശക്തി കലാജാഥ’യുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം പത്ത് ദിനങ്ങളിലായി ജില്ലകളിലെ വിവിധ വേദികളില്‍ കലാജാഥ സംഘടിപ്പിക്കും.

കരിവെള്ളൂര്‍ മുരളിയുമായി ചേര്‍ന്ന് രചിച്ച്, റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത പെണ്‍കാലം, ശ്രീജ അറങ്ങോട്ടുകര രചിച്ച് സുധി ദേവയാനി സംവിധാനം ചെയ്ത അത് ഞാന്‍ തന്നെയാണ്, ശ്രീജ അറങ്ങോട്ടുകര രചനയും സംവിധാനവും നിര്‍വഹിച്ച സദസ്സില്‍ നിന്ന് അരങ്ങിലേക്ക് എന്നീ നാടകങ്ങളും കരിവെള്ളൂര്‍ മുരളി രചനയും സംവിധാനവും നിര്‍വഹിച്ച പാടുക ജീവിതഗാഥകള്‍, പെണ്‍വിമോചന കനവുത്സവം എന്നീ സംഗീത ശില്‍പ്പങ്ങളും വരും ദിനങ്ങളില്‍ കുടുംബശ്രീ വനിതകളിലൂടെ സ്ത്രീപക്ഷ നവകേരള സന്ദേശം സാധാരണക്കാരിലേക്ക് എത്തിക്കും. ഷൈലജ പി അമ്പു, രാജരാജേശ്വരി എന്നിവരാണ് സംവിധാന സഹായികള്‍. ഭൈരവി, ആര്യ, ഗ്രീഷ്മ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.

കിലയില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബി.എസ്. മനോജ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മൈന ഉമൈബാന്‍, കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.