നോയിഡ സരസ് മേളയില്‍ ശ്രദ്ധാ കേന്ദ്രമായി കുടുംബശ്രീയുടെ ആജീവിക ഇന്ത്യ ഫുഡ് കോര്‍ട്ട്

കേരളത്തെയും കേരള രുചിയെയും മിസ് ചെയ്യുന്ന ഡല്‍ഹി മലയാളികള്‍ക്ക് തനി നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കി നോയിഡ സരസ് മേളയില്‍ കുടുംബശ്രീയുടെ ആജീവിക ഇന്ത്യ ഫുഡ് കോര്‍ട്ട്. നോയിഡ സിറ്റി സെന്ററില്‍ സെക്ടര്‍ 33എ യിലെ നോയിഡ ഹാത്തിലാണ് സരസ് മേള. ഫെബ്രുവരി 25ന് ആരംഭിച്ച മേള മാര്‍ച്ച് 13ന് അവസാനിക്കും.  

  കേരളമുള്‍പ്പെടെ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലെ രുചി വൈവിധ്യങ്ങളാണ് കുടുംബശ്രീ ഒരുക്കിയിരിക്കുന്ന ആജീവിക ഫുഡ് കോര്‍ട്ടില്‍ ലഭ്യമാക്കിയിരിക്കുന്നത്. ‘ഇന്ത്യ ഓണ്‍ യുവര്‍ പ്ലേറ്റ്’ എന്ന ആശയം ഈ ഫുഡ്കോര്‍ട്ടിലൂടെ പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്.

  കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം എന്നീ ജില്ലകളിലെ കുടുംബശ്രീ യൂണിറ്റ് അംഗങ്ങളൊരുക്കുന്ന കപ്പയും മീന്‍കറിയും തട്ടില്‍ക്കുട്ടി ദോശയും ബിരിയാണിയും മുട്ടസുര്‍ക്കയും ചട്ടിപ്പത്തിരിയും ഉള്‍പ്പെടെയുള്ള നിരവധി സ്വാദൂറും കേരള വിഭവങ്ങള്‍ക്കൊപ്പം ഗോല്‍ ഗപ്പ, ചാട്ട് കബാബുകള്‍, മോമോസ്, ഖീര്‍, ജലേബി തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലെ അനേകം തനത് വിഭവങ്ങള്‍ ഫുഡ് കോര്‍ട്ടില്‍ ലഭിക്കും.

  കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സരസ് (സെയില്‍ ഓഫ് ആര്‍ട്ടിക്കിള്‍സ് ഓഫ് റൂറല്‍ ആര്‍ട്ടിസാന്‍സ് സൊസൈറ്റി) മേള വഴി ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് പ്രചാരം നല്‍കുകയും അവര്‍ക്ക് കൂടുതല്‍ വരുമാനവും തൊഴിലും നേടിക്കൊടുക്കുകയുമാണ് ലക്ഷ്യം. കറിപ്പൊടികളും തേനും വെളിച്ചെണ്ണയും ചക്ക, പഴം വിഭവങ്ങളുമെല്ലാമായി കുടുംബശ്രീയുടെ ആറ് സംരംഭക യൂണിറ്റുകള്‍ സരസ് മേളയില്‍ വിപണന സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.