ജെൻഡർ സംയോജനം- ദേശീയ ത്രിദിന ശിൽപ്പശാലയ്ക്ക് തുടക്കം

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് വേണ്ടി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (നാഷണൽ റൂറൽ ലൈവ് ലി ഹുഡ് മിഷൻ- എൻ.ആർ.എൽ.എം) ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ത്രിദിന ശിൽപ്പശാലയ്ക്ക് തൃശ്ശൂരിൽ 15ന് തുടക്കമായി. ‘ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മാതൃകാ ഇടങ്ങളുടെ വികസിപ്പിക്കലും സ്ഥാപന സംവിധാനം ശക്തിപ്പെടുത്തലും’ എന്ന വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. എൻ.ആർ,എൽ.എം – ന്റെ ഭാഗമായി നിലവിൽ ജെൻഡർ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന സംസ്ഥാനങ്ങളുടെ പ്രവർത്തന രീതി പഠിക്കുകയും പൊതുവായ പ്രവർത്തന തന്ത്രങ്ങൾ രൂപപ്പെടുത്തുകയുമാണ്  ശിൽപ്പശാലയു‌ടെ ലക്ഷ്യം. 
 ശിൽപ്പശാലയുടെ ആദ്യ ദിനത്തിൽ ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി നീത കെജരിവാൾ എൻ.ആർ.എൽ.എം ലെ ജെൻഡർ സമന്വയം എന്ന വിഷയം അവതരിപ്പിച്ചു. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹ്യ സംഘടനാ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജനത്തിലൂടെയുള്ള സ്ത്രീശാക്തീകരണം- കേരളത്തിൽ എന്ന വിഷയം മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അവതരിപ്പിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ സ്വാഗതം ആശംസിച്ചു. എൻ.ആർ.എൽ.എം തയാറാക്കിയ ജെൻഡർ സമന്വയത്തെക്കുറിച്ചുള്ള കൈപ്പുസ്തകവും പുറത്തിറക്കി. 
  തമിഴ് നാട്, കർണ്ണാടക, ബീഹാർ, ഗുജറാത്ത് തുടങ്ങിയ 19 സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, പുതുച്ചേരി എന്നിങ്ങനെ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എഴുപതോളം പ്രതിനിധികൾ ശിൽപ്പശാലയിൽ പങ്കെടുക്കുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്ക്, ജെൻഡർ റിസോഴ്സ് സെന്റർ തുടങ്ങിയ വിവിധ ജെൻഡർ പ്രവർത്തനങ്ങൾ കണ്ടറിയുന്നതിനായി പ്രതിനിധികൾ  ഫീൽഡ് സന്ദർശനവും ശിൽപ്പശാലയുടെ ഭാഗമായി നടത്തും. ശിൽപ്പശാല 17ന്  അവസാനിക്കും.