കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കൊണ്ടിരിക്കുകയാണ് ലോകം. കലയിലൂടെ ആഘോഷമായൊരു തിരിച്ചുവരവ് നടത്തി ഏവര്‍ക്കുമൊപ്പം ചേര്‍ന്നിരിക്കുകയാണ് കുടുംബശ്രീ ബഡ്സ് സ്ഥാപന കുട്ടികളും. ബഡ്സ് ഫെസ്റ്റിവലിലൂടെ..
ആദ്യ ജില്ലാതല ബഡ്‌സ് ഫെസ്റ്റ് വയനാട് ജില്ലയില്‍ മാര്‍ച്ച് 17, 19 തീയതികളില്‍ നടന്നു. ‘മിഴി 2022’ എന്ന മേളയില്‍ ജില്ലയിലെ 11 സ്ഥാപനങ്ങളില്‍ നിന്നായി 249 കുട്ടികള്‍ പങ്കെടുത്തു.
പെയിന്റിങ്, എംബോസ് പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ് എന്നിങ്ങനെയുള്ള സ്റ്റേജിതര മത്സരങ്ങള്‍ 17നും ലളിതഗാനം, നാടന്‍പാട്ട്, പ്രച്ഛന്നവേഷം, നാടോടിനൃത്തം തുടങ്ങിയ സ്റ്റേജിന മത്സരങ്ങള്‍ 19നും സംഘടിപ്പിച്ചു.
83 പോയിന്റോടെ തിരുനെല്ലി ബഡ്സ് സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. 29 പോയിന്റോടെ കല്‍പ്പറ്റ സ്‌കൂള്‍ രണ്ടാമതെത്തി. നൂല്‍പ്പുഴ ബി.ആര്‍.സി മൂന്നാമതും.
ഏപ്രില്‍ മാസത്തോടെ ജില്ലാതല ബഡ്സ് ഫെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയശേഷം സംസ്ഥാനതല കലോത്സവവും സംഘടിപ്പിക്കും. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി 342 ബഡ്‌സ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ കുടുംബശ്രീയ്ക്ക് കീഴിലുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവയുടെ പ്രവര്‍ത്തനം.