കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാദിന വാരാചരണവും സ്ത്രീപക്ഷ നവകേരള റാലിയും സംഘടിപ്പിച്ചു. 2022 മാര്‍ച്ച് 18 ന് അഗളി ഇ.എം.എസ് ഹാളിലായിരുന്നു ആഘോഷം.
അഗളി കിലയില്‍ നിന്നും ഇ.എം.എസ് ഹാളിലേക്ക് സ്ത്രീപക്ഷ നവകേരളം റാലിക്ക് ശേഷമായിരുന്നു ഉദ്ഘാടന സമ്മേളനം. പാലക്കാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ഗവേണിങ് ബോഡി അംഗവും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മരുതി മുരുകന്‍ വാരാചരണം ഉദ്ഘാടനം ചെയ്തു.
മുന്‍ പഞ്ചായത്ത് സമിതി ഭാരവാഹികള്‍, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ കീഴിലെ അയല്‍ക്കൂട്ടങ്ങളിലെ മുതിര്‍ന്ന അയല്‍ക്കൂട്ട അംഗങ്ങള്‍, മുതിര്‍ന്ന കര്‍ഷക, മുതിര്‍ന്ന സംരംഭക, വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സിഗ്‌നേച്ചര്‍ ക്യാമ്പെയ്‌നും സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.