കണ്ണൂരിലെ ബാലസഭാ കുട്ടികള്‍ സൂപ്പര്‍ ആക്ടീവ്‌

സോക്കറും വോളിയും കരാട്ടെയും സ്റ്റാർട്ടപ്പുമെല്ലാമായി കണ്ണൂരിലെ ബാലസഭാ കൂട്ടുകാർ ഇപ്പോൾ സൂപ്പർ ആക്ടീവ്. കഴിഞ്ഞ മൂന്ന് മാസങ്ങളായി അവർ ആകെ ബിസിയായിരുന്നു. വോളിബോൾ, ഫുട്ബോൾ, കരാട്ടെ തുടങ്ങിയ വിവിധ ഇനങ്ങളിലെ പരിശീലനവും മത്സരങ്ങളുമെല്ലാം അത്യാവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു അവർ.
 കാങ്കോൽ, ആന്തൂർ, മയ്യിൽ, ചെമ്പിലോട്, മട്ടന്നൂർ, എരഞ്ഞോളി, കേളകം, കൂത്തുപറമ്പ്, നാറാത്ത് എന്നീ ഒമ്പത് കേന്ദ്രങ്ങളിലെ 300 ബാലസഭാ അംഗങ്ങൾക്കാണ് ഫുട്ബോളിൽ മൂന്ന് മാസത്തെ തീവ്ര പരിശീലനം നൽകിയത്. ഇവർക്കായി നടത്തിയ ജില്ലാ ടൂർണ്ണമെന്റിൽ ആന്തൂർ വിജയവും കൈവരിച്ചു. കൂത്തുപറമ്പ് മിനി സ്റ്റേഡിയത്തിലെ ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ആന്തൂരിലെ കുട്ടികൾ എരഞ്ഞോളി ടീമിനെ കീഴടക്കിയത്.അഴീക്കോട്, കതിരൂർ, ഇരിട്ടി, ആറളം, ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളിലെ 200 കുട്ടികളാണ് വോളിബോൾ പരിശീലനം നേടിയത്. അവർക്കായി സംഘടിപ്പിച്ച ജില്ലാ ടൂർണ്ണമെന്റിൽ ആറളം ഫാം ടീം വെന്നിക്കൊടി പാറിപാറിച്ചു. ചാവശ്ശേരി മിനി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില് ഇരിട്ടിയെ ആറളം മറികടന്നു.

കരാട്ടെയെ കൂട്ടുപിടിച്ച് ശാരീരിക അതിക്രമങ്ങളെ ചെറുക്കാൻ ചെറുകുന്ന്, പന്ന്യന്നൂർ സി.ഡി.എസുകളിലെ ബാലസഭാ അംഗങ്ങളായ 60 പെൺകുട്ടികളെയാണ് ഡിഫൻസ് 2021 ലൂടെ കണ്ണൂർ ജില്ല പ്രാപ്തരാക്കിയത്. 60 മണിക്കൂർ നീണ്ട ഒന്നാംഘട്ട പരിശീലനത്തിന് ശേഷം കുട്ടികളുടെ പൊതു അഭ്യാസ പ്രകടനവും നടത്തി. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 60 കുട്ടികൾക്കും ബെൽറ്റും സർട്ടിഫിക്കറ്റും നൽകി.

ഇതിനോടൊപ്പമാണ് കുട്ടികളിലെ നൂതന ആശയങ്ങൾ കണ്ടെത്തി വളർത്താൻ ‘സ്റ്റുഡന്റ് സ്റ്റാർട്ടപ്പ്’ എന്ന പ്രത്യേക പ്രവർത്തനം ജില്ല നടത്തിയത്. കണ്ണൂർ എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ സുകേഷ്, കുട്ടികളുടെ 45 വ്യത്യസ്ത ആശയങ്ങൾ വിലയിരുത്തുകയും 12 എണ്ണം തെരഞ്ഞെടുക്കുകയും ചെയ്തു. മിനി കൂളർ, മോഡേൺ നൈഫ്, പാൻഡെമിക് പ്രിവൻഷൻ റോബട്ടോട്ട് എന്നിങ്ങനെ നീളുന്നു ഈ ആശയങ്ങൾ. പ്രവർത്തനക്ഷമതാ പരിശോധനയ്ക്കായി ഈ ആശയങ്ങളുടെ മാതൃകകളുമായി ഇവർ ഏപ്രിൽ പകുതിയോടെ പാനലിന് മുന്നിൽ എത്തും.

കോവിഡ് ലോക്ഡൗണിന് ശേഷം കുട്ടികളെ കൂടുതൽ സജീവമാക്കുന്നതിനായാണ് ഈ പ്രവർത്തനങ്ങൾ ജില്ല നടത്തിയത്. ബാലവോളിയും ബാലസോക്കറും കരാട്ടെ പരിശീലനവുമെല്ലാം വരും വർഷം ജില്ലയിലെ എല്ലാ സി.ഡി.എസുകളിലേക്കും വ്യാപിപ്പിക്കാൻ ഉറപ്പിച്ചിരിക്കുകയാണ് കണ്ണൂർ.