ഒന്നാം സമ്മാനം പി. നിതയ്ക്ക്.
കുടുംബശ്രീ അംഗങ്ങള്‍ക്കായി നടത്തിയ സര്‍ഗ്ഗം 2022 കഥാരചനാ മത്സരത്തിന്റെ ഫലം തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. തനത് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സര്‍ഗ്ഗാത്മക മേഖലയിലേക്ക് കുടുംബശ്രീ വനിതകളെ കൈപിടിച്ചുയര്‍ത്തുന്ന പുതുയൊരു തലത്തിലേക്കാണ് കുടുംബശ്രീ എത്തിയിരിക്കുന്നത്. അതിന്റെ തുടക്കമാണ് ഈ സാഹിത്യ പുരസ്‌കാരമെന്ന് കണ്ണൂരില്‍ പുരസ്‌കാര പ്രഖ്യാപനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
മത്സരത്തില്‍ ഒന്നാം സമ്മാനം പാലക്കാട് ഒറ്റപ്പാലം നഗരസഭ സി.ഡി.എസ് രണ്ടിലെ നിത. പി നേടി. ‘ത്ഫൂ’ എന്ന കഥയാണ് (15,000 രൂപ) തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം അയ്മനം കുഴിത്താര്‍ സി.ഡി.എസിലെ ധന്യ എന്‍. നായര്‍ എഴുതിയ ‘തീണ്ടാരി’ എന്ന കഥ രണ്ടാം സ്ഥാനം (10,000 രൂപ) നേടി. മലപ്പുറം പള്ളിക്കല്‍ സി.ഡി.എസ്സിലെ ടി.വി. ലതയുടെ ‘നിരത്തു വക്കിലെ മരങ്ങള്‍’ മൂന്നാം സ്ഥാനത്തിന് (5000 രൂപ) അര്‍ഹമായി. പുരസ്‌കാരത്തുകയോടൊപ്പം ശില്പവും പ്രശസ്തിപത്രവും വിജയികള്‍ക്ക് നല്കും. എട്ടുപേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപയും ശില്പവും പ്രശസ്തിപത്രവും നല്‍കും.
ബേബി ഗിരിജ (പാലക്കാട്), ഊര്‍മ്മിള എ (തിരുവനന്തപുരം), വിജയലക്ഷ്മി എം കെ (കണ്ണൂര്‍), ഇര്‍ഫാന പി.കെ (കണ്ണൂര്‍) റാഷിദ സുബൈര്‍ എം ടി (മലപ്പുറം) ശ്രീദേവി കെ ലാല്‍ (എറണാകുളം) അനുജ ബൈജു (കോട്ടയം) ജിഷ. എം (കണ്ണൂര്‍) എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായവര്‍. തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന ദേശീയ സരസ് മേളയുടെ സമാപന സമ്മേളനത്തില്‍ വെച്ച് 2022 ഏപ്രില്‍ 10ന് വൈകിട്ട് 5 മണിക്ക് പുരസ്‌ക്കാര സമര്‍പ്പണം നടത്തും.
ഡോ.പി.കെ രാജശേഖരന്‍, കെ. എ ബീന, കെ. രേഖ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. കഥകള്‍ സമകാലികവും ആഖ്യാന മികവുള്ളതുമാണെന്ന് ജൂറി വിലയിരുത്തി. കുടുംബശ്രീ വനിതകള്‍ സാഹിത്യ ലോകത്തേക്ക് കടന്നു വരുന്നത് പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ജൂറി അഭിപ്രായപ്പെട്ടു. പ്രാഥമിക റൗണ്ട് തിരഞ്ഞെടുപ്പ് നടത്തിയത് കേരള യുണിവേഴ്സിറ്റിയിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിലാണ്. ഡോ. എസ്. എസ്. സരിത, ഡോ. അമ്പിളി, കെ. വിശാഖ് എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.
കുടുംബശ്രീ അംഗങ്ങളുടെ സര്‍ഗ്ഗാത്മകശേഷി കണ്ടെത്തുന്നതിനും വളര്‍ത്തുന്നതിനും വേണ്ടി നടത്തിയ കഥാമത്സരത്തില്‍ ആകെ 1338 രചനകള്‍ ലഭിച്ചു. രണ്ട് ഘട്ടമായാണ് മൂല്യനിര്‍ണ്ണയം നടത്തിയത്. ആദ്യ റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ട 60 പേരില്‍ 40 പേര്‍ക്ക് തൃശ്ശൂര്‍ കിലയില്‍ വെച്ച് 2022 മാര്‍ച്ച് 23, 24,25 തീയതികളില്‍ കേരള സാഹിത്യ അക്കാഡമിയുടെയും കിലയുടെയും സഹകരണത്തോടെ സര്‍ഗ്ഗം -2022 കഥാ ശില്പശാല നടത്തിയിരുന്നു. അന്തിമ പട്ടികയിലിടം നേടിയ 60 പേരുടെ രചനകള്‍ കുടുംബശ്രീ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കും.