സംസ്ഥാനത്ത് കുടുംബശ്രീയുടെ 1069 വിഷു ചന്തകള്‍

കേരളീയര്‍ക്ക് വിഷു സദ്യയൊരുക്കാന്‍ സംസ്ഥാനമൊട്ടാകെ 1069 കുടുംബശ്രീ സി.ഡി.എസുകളിലും വിഷു ചന്തകള്‍ ആരംഭിച്ചു. ഏപ്രില്‍ 15 വരെയാണ് കുടുംബശ്രീ വിഷു വിപണി. സാധാരണക്കാര്‍ക്ക് മിതമായ വിലയില്‍ ഗുണമേന്‍മയുള്ള വിഷവിമുക്ത പച്ചക്കറികള്‍ ലഭ്യമാക്കുക എന്നതോടൊപ്പം കോവിഡ് കാല മാന്ദ്യത്തില്‍ നിന്നും കുടുംബശ്രീ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഉല്‍പന്ന വിപണനത്തിനും വരുമാനവര്‍ദ്ധനവിനുമുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.

 
കുടുംബശ്രീയുടെ കീഴിലുള്ള 74,776 വനിതാ കാര്‍ഷിക സംഘങ്ങള്‍ ജൈവക്കൃഷി രീതിയില്‍ ഉല്‍പാദിപ്പിച്ച വിഷരഹിത പച്ചക്കറികളും കൂടാതെ സൂക്ഷ്മസംരംഭകരുടെ ഉല്‍പന്നങ്ങളുമാണ് വിഷു ചന്തകളിലൂടെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. കണിയൊരുക്കുന്നതിനുള്ള വെള്ളരി മുതല്‍ പാവയ്ക്ക, ചീര, വഴുതന, വെണ്ട, പച്ചമുളക്, മത്തങ്ങ, പയര്‍, കാന്താരി, മുരിങ്ങക്കായ്,  തുടങ്ങിയ പച്ചക്കറികളും വൈവിധ്യമാര്‍ന്ന ഉപ്പേരികള്‍. ധാന്യപ്പൊടികള്‍, കറിപ്പൊടികള്‍, ചമ്മന്തിപ്പൊടികള്‍ എന്നിവയും കുടുംബശ്രീ വിഷുവിപണിയില്‍ ലഭിക്കും. ഇതോടൊപ്പം അതത് പ്രദേശത്ത് കുടുംബശ്രീ സൂക്ഷ്മ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന വിവിധ ഭക്ഷ്യവസ്തുക്കളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും വാങ്ങാനാകും.

തദ്ദേശ സ്ഥാപനങ്ങളുമായി  സഹകരിച്ചാണ് വിഷു ചന്തകളുടെ സംഘാടനം. വിഷു വിപണിയിലേക്ക് പരമാവധി ഉല്‍പന്നങ്ങളെത്തിക്കാനുള്ള ചുമതല ഓരോ സി.ഡി.എസിലും രൂപീകരിച്ചിട്ടുള്ള സംഘാടക സമിതിക്കാണ്.  വിപണന മേളയുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയും ഈ സമിതി ഉറപ്പു വരുത്തും. മേളയില്‍ എത്തുന്ന ഉല്‍പന്നങ്ങളുടെ അളവ്, കര്‍ഷകരുടെയും സംരംഭകരുടെയും പങ്കാളിത്തം എന്നിവ കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളും ഹരിതചട്ടവും ഉറപ്പു വരുത്തിയാകും വിപണന മേളകള്‍ സംഘടിപ്പിക്കുക.