കുടുംബശ്രീ സംരംഭകരുടെ ചിപ്‌സും അച്ചാറും ‘കണ്ണൂര്‍’ ബ്രാന്‍ഡില്‍ പുറത്തിറക്കി

കണ്ണൂര്‍ എന്ന ബ്രാന്‍ഡില്‍ ചിപ്‌സും അച്ചാറും പുറത്തിറക്കി കണ്ണൂര്‍ ജില്ലാ ടീം. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ വേദിയില്‍ ഏപ്രില്‍ 13ന് നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഈ കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചേന, കണ്ണിമാങ്ങ, വെളുത്തുള്ളി, ചെറുനാരങ്ങ, കാന്താരി.. എന്നിങ്ങനെ ആറ് തരം അച്ചാറുകളും ബനാന, കപ്പ, ശര്‍ക്കരവരട്ടി ഉള്‍പ്പെടെ നാല് വിധത്തിലുള്ള ചിപ്‌സുകളുമാണ് കണ്ണൂര്‍ ബ്രാന്‍ഡില്‍ പുറത്തിറക്കിയിരിക്കുന്നത്.

കാര്‍ഷിക ഉത്പന്ന സംസ്‌ക്കരണ മേഖലയിലെ 35 യൂണിറ്റുകളിലെ 125 അയല്‍ക്കൂട്ടാംഗങ്ങളാണ് ഈ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ തയാറാക്കുന്നത്.

ഊര്‍ജ്ജശ്രീ ന്യുട്രിമിക്സ് യൂണിറ്റിന്റെ പാലടയും ആറളത്തെ യുവ സംരംഭ സംഘത്തിന്റെ ട്രൈ സ്റ്റാര്‍ എല്‍.ഇ.ഡി ബള്‍ബും ചടങ്ങില്‍ മന്ത്രി പുറത്തിറക്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍ ഉത്പന്നങ്ങള്‍ ഏറ്റുവാങ്ങി. വ്യവസായ ഉപഡയറക്ടര്‍ രവീന്ദ്രകുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.