ദേശീയ സരസ് മേളയില്‍ 12.21 കോടി രൂപയുടെ വിറ്റുവരവ്

തിരുവനന്തപുരം കനകക്കുന്ന് പാലസ് ഗ്രൗണ്ടില്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 10 വരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ സരസ് മേളയില്‍ 12,21,24,973 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ഇതുവരെ സംഘടിപ്പിച്ച സരസ് മേളകളില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയ മേളയും ഇതാണ്.

ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ ഉത്പന്നങ്ങള്‍ 237 സ്റ്റാളുകളിലായി പ്രദര്‍ശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരുന്നു. 15 സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷണവിഭവങ്ങള്‍ ലഭ്യമാകുന്ന 25 സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന ഫുഡ് കോര്‍ട്ടും മേളയുടെ ഭാഗമായുണ്ടായിരുന്നു. കൂടാതെ എല്ലാദിവസങ്ങളിലും കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.

ഉത്പന്ന – പ്രദര്‍ശന വിപണന സ്റ്റാളുകളില്‍ നിന്ന് മാത്രം 11,38,87,543 രൂപയുടെ വിറ്റുവരവാണുണ്ടായത്. ഫുഡ്‌കോര്‍ട്ടിലെ വില്‍പ്പന 82,37,520 രൂപയുടേതും. ഏഴാം തവണയാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്.