മികച്ച വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും അനുയോജ്യമായ ജോലി ലഭിക്കാത്തവര്‍, കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായ അഭ്യസ്തവിദ്യര്‍, പലകാരണങ്ങളാല്‍ ജോലിയില്‍ നിന്ന് ഇടവേള എടുക്കേണ്ടി വന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നിങ്ങനെ നീളുന്ന തൊഴില്‍ അന്വേഷകര്‍ക്ക് വഴി കാട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാകാന്‍ കുടുംബശ്രീയും.
കേരളത്തില്‍ വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിനും അതുവഴി കേരളത്തിലെ മനുഷ്യ വിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുമായി തുടക്കമിട്ട കേരള നോളജ് എക്കണോമി മിഷന്റെ പ്രവര്‍ത്തനങ്ങളിലാണ് കുടുംബശ്രീയും ഭാഗമാകുന്നത്. മിഷന്റെ പ്രചാരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മേയ് 8 മുതല്‍ 15 വരെ നടത്തുന്ന ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ എന്ന ക്യാമ്പയിനിന്റെയും ഇതിലുള്‍പ്പെടുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ സര്‍വേയുടെയും നിര്‍വഹണം നടത്തുക കുടുംബശ്രീയാണ്.
സര്‍വേയുടെ ഭാഗമായി 18 മുതല്‍ 59 വയസ് വരെ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ വിവരങ്ങള്‍ ശേഖരിക്കും. ‘ജാലകം’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാകും വിവര ശേഖരണം. കുടുംബശ്രീയുടെ 1070 കമ്മ്യൂണിറ്റി അംബാസഡര്‍മാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ സി.ഡി.എസ് തലത്തില്‍ ഏകോപിപ്പിക്കും.
ക്യാമ്പയിനിന്റെ ഭാഗമായി കേരള നോളജ് എക്കണോമി മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് നല്‍കുകയും വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഡിജിറ്റല്‍ വർക്ക്ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (ഡി.ഡബ്ല്യു.എം.എസ്) എൻറോൾ ചെയ്യാന്‍ അവരെ സഹായിക്കുകയും ചെയ്യും.