ശ്രദ്ധയാകര്‍ഷിച്ച് കേരള ഗെയിംസ് എക്‌സ്‌പോയില്‍ കുടുംബശ്രീ ഫുഡ്‌കോര്‍ട്ട്

പ്രഥമ കേരള ഗെയിംസിനോട് അനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ കേരള ഒളിംപിക് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്ന കേരള ഗെയിംസ് എക്‌സ്‌പോയില്‍ ശ്രദ്ധ നേടി കുടുംബശ്രീ ഫുഡ്‌കോര്‍ട്ട്. കേരളത്തിന്റെയും മഹരാഷ്ട്ര, കര്‍ണ്ണാടക, തെലങ്കാന, പഞ്ചാബ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെയും രുചികരമായ ഭക്ഷണവിഭവങ്ങളാണ് 8000 ചതുരശ്ര അടിയിലുള്ള ഈ ഫുഡ്കോര്‍ട്ടില്‍ ലഭിക്കുന്നത്. ഏപ്രില്‍ 29 മുതല്‍ മേയ് 10 വരെയാണ് എക്‌സ്‌പോ.

  തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള വിനായക, സംജിസ്, കൃഷ്ണ, യുണീക്ക്, ലക്ഷ്യ, കല്യാണി, അന്നപൂര്‍ണ്ണ, സൗപര്‍ണ്ണിക, വനിത ബേക്‌സ്, കൈരാശി എന്നീ പത്ത് യൂണിറ്റുകളാണ് ഭക്ഷ്യമേളയില്‍ പങ്കെടുക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍. പിടിയും കോഴിയും, മലബാര്‍ സ്നാക്സ്,  ബിരിയാണി, വിവിധ ഇനം ജ്യൂസുകള്‍ എന്നിവയെല്ലാം ഫുഡ്കോര്‍ട്ടില്‍ ലഭിക്കും.

  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ ഒരുക്കുന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍, മാമ്പഴമേള, അലങ്കാര മത്സ്യപ്രദര്‍ശനം, പുഷ്മേള, സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവയും എക്സ്പോയിലുണ്ട്.