100 ദിനം, 12,000ത്തിലേറെ പേര്‍ക്ക് ഉപജീവന അവസരം – അഭിമാനമായി നമ്മുടെ കുടുംബശ്രീ!

സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പദ്ധതിയില്‍ അഭിമാന നേട്ടം കൈവരിച്ച് കുടുംബശ്രീ. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.സ്വയംതൊഴിലും, നൈപുണ്യ പരിശീലനത്തിലൂടെ വേതനാധിഷ്ഠിത തൊഴിലും കണ്ടെത്താന്‍ സഹായിച്ച് സാധാരണക്കാര്‍ക്ക് ഉപജീവന അവസരമൊരുക്കി നല്‍കുകയെന്ന നൂറുദിന കര്‍മ്മപദ്ധതി ലക്ഷ്യം മികച്ച രീതിയിലാണ് കുടുംബശ്രീ പൂര്‍ത്തിയാക്കിയത്. 2022 ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയുള്ള കാലയളവില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വന്ന നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 12,000ത്തിലേറെ പേര്‍ക്കാണ് വിവിധ പദ്ധതികളിലൂടെ കുടുംബശ്രീ വരുമാനമാര്‍ഗ്ഗം തുറന്ന് നല്‍കിയത്.യുവകേരളം, ഡി.ഡി.യു-ജി.കെ.വൈ എന്നീ പദ്ധതികളിലൂടെ നൈപുണ്യ പരിശീലനം പൂര്‍ത്തീകരിച്ച 2678 യുവതീയുവാക്കള്‍ക്ക് വേതനാധിഷ്ടിത തൊഴില്‍ ലഭ്യമാക്കിയപ്പോള്‍ ഉപജീവന പദ്ധതികള്‍ (സൂക്ഷ്മ സംരംഭങ്ങള്‍, മൃഗസംരക്ഷണം, കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന സംരംഭങ്ങള്‍, ദേശീയ നഗര ഉപജീവന ദൗത്യം, സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം) മുഖേന 7865 പേര്‍ക്ക് സ്വയം തൊഴിലും നല്‍കാന്‍ കഴിഞ്ഞു. 5000 പേര്‍ക്ക് സ്വയം തൊഴില്‍ നല്‍കുകയായിരുന്നു ലക്ഷ്യം.കൂടാതെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാവസത്തിന് നോര്‍ക്ക റൂട്ട്സുമായി സംയോജിച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന പ്രവാസി ഭദ്രത (പേള്‍) പദ്ധതിയിലൂടെ 2824 പ്രവാസികള്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കാനും 1719 പുതിയ പ്രവാസി സംരംഭങ്ങള്‍ ആരംഭിക്കാനും കുടുംബശ്രീയ്ക്ക് കഴിഞ്ഞു. 1000 സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടിടത്താണ് ഈ മികച്ച നേട്ടം.