സംസ്ഥാനത്തെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി തുടക്കമിട്ട കേരള നോളജ് എക്കണോമി മിഷന്‍റെ ‘എന്‍റെ തൊഴില്‍ എന്റെ അഭിമാനം’ ക്യാമ്പയിനിന്റെ ഭാഗമായുള്ള സര്‍വേയ്ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തുടക്കമായി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ഇരുമന്ത്രിമാരുടെയും സാന്നിധ്യത്തില്‍ കുടുംബശ്രീ എന്യൂമറേറ്റര്‍ ചെങ്ങന്നൂര്‍ വൈ.എം.സി.എ റോഡില്‍ ബ്രീന്‍ലാന്‍ഡ് അജീഷ് കുമാറിന്റെ വീട്ടിലെത്തി സര്‍വേക്ക് തുടക്കമിട്ടു.
അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ കണ്ടെത്തുന്നതിനായി കുടുംബശ്രീ നടത്തുന്ന ഗുണഭോക്തൃ സര്‍വേയിലൂടെ കണ്ടെത്തുന്നവരില്‍ നിന്നും ആദ്യഘട്ടത്തില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) മുഖേന അഞ്ചു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന സര്‍ക്കാരിന്‍റെ തീരുമാനത്തിന്‍റെ ഭാഗമായാണിത്. ഇപ്രകാരം തൊഴില്‍ ലഭിക്കുന്നവരില്‍ ഏറെയും സ്ത്രീകളായിരിക്കും. 18നും 59നും ഇടയില്‍ പ്രായമുള്ള കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ വിവരങ്ങളാണ് ശേഖരിക്കുക. സര്‍വേയിലൂടെ കണ്ടെത്തുന്നവരില്‍ നിന്ന് ആദ്യഘട്ടത്തില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. ഇപ്രകാരം കണ്ടെത്തുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ വൈദഗ്ധ്യവും അഭിരുചിയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസിലാക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് താല്‍പ്പര്യമുള്ള തൊഴില്‍മേഖലകളിലേക്ക് അവരെ നയിക്കുന്നതിനുമായി കൗണ്‍സലിങ്ങ് നല്‍കാനും പദ്ധതിയുണ്ട്. ഇപ്രകാരം കൗണ്‍സലിങ്ങ് നല്‍കുന്നതിനായി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളില്‍ നിന്നും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള 1000 വനിതകളെ തെരഞ്ഞെടുത്ത് അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഇവരെ ‘ഷീ കോച്ചസ്’ എന്ന പേരിലാകും അറിയപ്പെടുക. നിലവില്‍ മൂവായിരത്തിലേറെ തൊഴില്‍ദാതാക്കള്‍ തൊഴില്‍ നല്‍കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട്. കുടുംബശ്രീയുടെ സര്‍വേ വഴി കണ്ടെത്തുന്ന ഗുണഭോക്തൃ പട്ടികയില്‍ ഏറ്റവും മികച്ച അക്കാദമിക് നിലവാരവും തൊഴില്‍ വൈദഗ്ധ്യവുമുളളവരെയാണ് ആദ്യം പരിഗണിക്കുക. ബാക്കിയുള്ള ഗുണഭോക്താക്കളില്‍ കൂടുതല്‍ നൈപുണ്യപരിശീലനം ആവശ്യമായവര്‍ക്ക് അതു നല്‍കിയ ശേഷമായിരിക്കും തൊഴില്‍ ലഭ്യമാക്കുന്നത്. ഇങ്ങനെ ഘട്ടംഘട്ടമായി കേരളത്തില്‍ 20 ലക്ഷം പേര്‍ക്കും തൊഴില്‍ നല്‍കാന്‍ സാധിക്കും. ഇതു കൂടാതെ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചു കൊണ്ട് ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുന്നതിനുള്ള പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കെ-ഡിസ്കുമായി ചേര്‍ന്ന് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും. കേരളത്തിലെ വൈജ്ഞാനിക സമ്പത്ത് മൂലധനമാക്കിയാകും ഇതു സാധ്യമാക്കുക. കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യത്തിലേക്കാണ് നാം മുന്നേറുന്നതെന്നും അത് കേരളത്തിന്‍റെ ചരിത്രത്തിലെ പുതിയൊരു അധ്യായമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസനം ഏറെ മുന്നോട്ടു പോയെന്നും രാഷ്ട്രീയത്തിനും അതീതമായ വികസന കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് എന്‍റെ തൊഴില്‍ എന്റെ അഭിമാനം എന്ന ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നതെന്നും അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി സ്വാഗതം പറഞ്ഞു. കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ.പി.വി ഉണ്ണിക്കൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ ക്യാമ്പയിൻ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ചെങ്ങന്നൂര്‍ നഗരസഭാധ്യക്ഷ മറിയാമ്മ ജോണ്‍ ഫിലിപ്പ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്മാരായ ജെബിന്‍.പി.വര്‍ഗ്ഗീസ്, ഇന്ദിരാദാസ്, മേയേഴ്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അനില്‍ കുമാര്‍.എം, അടൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഡി.സജി, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം ഉഷ, ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.പുഷ്പലത മധു, മാന്നാര്‍ ഡിവിഷന്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹേമലത ടീച്ചര്‍, മഞ്ജുള ദേവി, ആതിര.ജി., ചെങ്ങന്നൂര്‍ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ വിജി.വി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ.പ്രശാന്ത് ബാബു നന്ദി പറഞ്ഞു.