കാസര്‍ഗോഡിലേക്ക് വഴി തുറക്കും ‘യാത്രാശ്രീ’

കാസര്‍ഗോഡ് ജില്ലയെ അറിയാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വഴികാട്ടാന്‍ തയാറെടുക്കുകയാണ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍, ‘യാത്രാശ്രീ’യിലൂടെ. ജില്ലയുടെ ചരിത്രവും ഭൂപ്രകൃതിയും കലയും ഭാഷാ സംസ്‌കൃതിയും ഭക്ഷണരീതികളും ഉള്‍പ്പെടെയുള്ള വൈവിധ്യങ്ങള്‍ അറിഞ്ഞ് അത് അനുസരിച്ചുള്ള പാക്കേജുകള്‍ തയാറാക്കി സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ചെയ്യുക.

  ബേക്കല്‍ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി (ബി.ആര്‍.ഡി.സി) ചേര്‍ന്നാണ് ടൂറിസം മേഖലയില്‍ കാസര്‍ഗോഡ് ജില്ലാ കുടുംബശ്രീ ടീം ഇങ്ങനെയൊരു ഇടപെടല്‍ നടത്തുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഏപ്രില്‍ 30ന് പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.

 കുടുംബശ്രീ അംഗങ്ങളെ ടൂര്‍ ഓപ്പറേറ്റര്‍മാരാക്കി, ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി അവര്‍ക്ക് ഉപജീവന അവസരം ഒരുക്കി നല്‍കുകയാണ് ഈ പദ്ധതി വഴി ജില്ലാമിഷന്‍ ലക്ഷ്യമിടുന്നത്. ഓരോ പഞ്ചായത്തില്‍ നിന്നും കുറഞ്ഞത് രണ്ട് വീതം കുടുംബശ്രീ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ (ബിരുദം നേടിയവര്‍) തെരഞ്ഞെടുത്ത് പരിശീലനങ്ങള്‍ നല്‍കുകയും ടൂര്‍ ഓപ്പറേറ്റര്‍മാരാക്കുകയും ചെയ്യും. ഇവരെ ചേര്‍ത്ത് ജില്ലാതലത്തില്‍ രൂപീകരിക്കുന്ന കണ്‍സോര്‍ഷ്യം മുഖേനയാകും യാത്രാശ്രീ വഴിയുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിലവില്‍ 84 പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യഘട്ട പരിശീലനവും നല്‍കി കഴിഞ്ഞു.