ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിച്ച് കുടുംബശ്രീ കര്‍ഷക

ഒരു പടവലങ്ങ സമ്മാനിച്ച ലോക റെക്കോഡ് നേട്ടത്തിന്റെ തിളക്കത്തിലാണ് കുടുംബശ്രീ മാസ്റ്റര്‍ കര്‍ഷകയായ കാസര്‍ഗോഡ് സ്വദേശിനി ഡോളി ജോസഫ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പടവലങ്ങ കൃഷി ചെയ്ത കര്‍ഷകയെന്ന റെക്കോഡ് സ്വന്തമാക്കിയാണ് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഡോളി ഇടംപിടിച്ചത്.

  ബലാല്‍ സി.ഡി.എസിന് കീഴിലുള്ള അയല്‍ക്കൂട്ടാംഗമായ ഡോളി ജോസഫിന്റെ കൃഷി തോട്ടത്തിലുണ്ടായ പടവലങ്ങയുടെ നീളം 2.65 മീറ്റര്‍! 2.63 മീറ്ററിന്റെ റെക്കോഡാണ് പഴങ്കഥയായത്. തീര്‍ത്തും ജൈവ രീതിയിലാണ് ഡോളി ഈ പടവലങ്ങ കൃഷി ചെയ്തതും. കാര്‍ഷിക സര്‍വ്വകലാശാല പ്രതിനിധികളും ഈ റെക്കോഡ് നേട്ടക്കാരന്‍ പടവലങ്ങ കാണാന്‍ ഡോളിയുടെ കൃഷിത്തോട്ടത്തില്‍ എത്തിയിരുന്നു.

  ജൈവവളവും ജൈവ കീടനാശിനിയും ജീവാമൃതവുമാണ് പച്ചക്കറി കൃഷിക്കായി ഡോളി ഉപയോഗിക്കുന്നത്. തോട്ടത്തില്‍ നീളക്കാരായ ഏഴ് പടവലങ്ങളുണ്ട്. സംസ്ഥാന കൃഷി വകുപ്പ് നടത്തിയ ഓണത്തിന് ഒരു മുറം പച്ചക്കറി സംസ്ഥാനതല മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട് ഡോളി. ഏറ്റവും മികച്ച വനിതാ കര്‍ഷകയെന്ന അവാര്‍ഡും ഡോളി സ്വന്തമാക്കിയിട്ടുണ്ട്.

  റബ്ബര്‍, തെങ്ങ്, കുരുമുളക്, കശുവണ്ടി, വാഴ, കവുങ്ങ്, മറ്റ് കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നതിന് സഹായിക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍ കൂടിയായി ഡോളി ജോസഫ് പ്രവര്‍ത്തിക്കുന്നു. കൂടാതെ ക്ഷീര കര്‍ഷകയുമാണ്. കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ ഭാഗമായി മികച്ചൊരു തോട്ടവും ഡോളി ഒരുക്കിയിട്ടുണ്ട്.