ഗോത്രത്തുടിതാളം നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ ആട്ടവും പാട്ടും അകമ്പടിയായി അട്ടപ്പാടിയില്‍ ഗോത്ര ജനതയുടെ പാരമ്പര്യ കാര്‍ഷിക ഉത്സവം ‘കമ്പള’ത്തിന് അതിഗംഭീര തുടക്കം. റാഗിയും ചാമയും തുവരയും ഉള്‍പ്പെടെയുള്ള ചെറുധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും കൃഷി ചെയ്ത്, വിളവെടുത്ത് സ്വന്തം ഊരുകളിലെ കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കാന്‍ കമ്പളത്തിലൂടെ ഉറപ്പിച്ചിറങ്ങുന്നത് അട്ടപ്പാടിയിലെ 1037 കൃഷി സംഘങ്ങളിലെ 4606 വനിതാ കര്‍ഷകരാണ്.
കുടുംബശ്രീ അട്ടപ്പാടിയില്‍ നടപ്പിലാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയിലെ കാര്‍ഷിക ഉപജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുത്ത ഊരുകളില്‍ ഗോത്രജനതയുടെ കാര്‍ഷിക ‘കമ്പളം’ നടത്തുന്നത്. ജൂണ്‍ 30 വരെയാണ് കമ്പളം.
കമ്പളത്തിന്റെ ആദ്യഘട്ടം ഷോളയൂര്‍ പഞ്ചായത്ത് സമിതിയുടെയും കള്ളക്കര ഊരുസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കളളക്കര ഊരില്‍ ഇന്ന് ആരംഭിച്ചു. ഗോത്രാചാര പ്രകാരമായിരുന്നു തുടക്കം. ഇവിടെ 22 കൃഷിസംഘങ്ങള്‍ 42.5 ഏക്കറില്‍ കൃഷി ചെയ്യും. കമ്പളത്തിന്റെ ഭാഗമായി പാരമ്പര്യ ഭക്ഷ്യ മേള, വിത്ത് കൈമാറ്റം, ഗോത്ര നൃത്തം തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറി. ഷോളയൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്രീമതി സെലീന ഷണ്മുഖന്, സെക്രട്ടറി ശ്രീമതി പ്രജ നാരയണന്, അട്ടപ്പാടി പ്രത്യേക പദ്ധതി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ശ്രീ മനോജ് ബി.എസ് തുടങ്ങിയവര്‍ കമ്പളാഘോഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതം നല്കി.
കമ്പളാഘോഷത്തിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി ഫോട്ടോഗ്രഫി മത്സരവും കുടുംബശ്രീ നടത്തുന്നു. 5000 രൂപയാണ് ഒന്നാം സമ്മാനം. 3000 രൂപ രണ്ടാം സമ്മാനവും 2000 രൂപ മൂന്നാം സമ്മാനവും. ജൂണ്‍ 30 ആണ് ഫോട്ടോകള്‍ ലഭിക്കേണ്ട അവസാന തീയതി. kshreeattapadiphotocontest@gmail.com എന്ന വിലാസത്തിലേക്ക് ഫോട്ടോകള്‍ അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 04924 254335 എന്ന നമ്പരില്‍ വിളിക്കാം.