അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗിന് തുടക്കം

അട്ടപ്പാടിയിലെ ആദിവാസി യുവാക്കള്‍ക്കിടയിലെ മെസ്സിമാര്‍ക്കും റൊണാള്‍ഡോമാര്‍ക്കുമെല്ലാം തങ്ങളുടെ ഫുട്‌ബോള്‍ പ്രതിഭ തെളിയിക്കാനുള്ള അവസരം നല്‍കി അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗുമായി കുടുംബശ്രീ.

അട്ടപ്പാടി ആദിവാസി സമഗ്ര പദ്ധതിയുടെ ഭാഗമായുള്ള സെവന്‍സ് ഫുട്‌ബോള്‍ ലീഗ് 23ന് കിക്കോഫ് ചെയ്തു. അഗളി പഞ്ചായത്ത് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. ഫൈനല്‍ 25ന് നടക്കും.

ലീഗിന്റെ ലോഗോ പ്രകാശനം മേയ് 19ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചിരുന്നു. യുവജനക്ഷേമ ബോര്‍ഡ്, പട്ടികവര്‍ഗ്ഗ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനം, കുടുംബശ്രീ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പട്ടികവര്‍ഗ്ഗ യുവജന ക്ലബ്ബുകള്‍ക്കും യുവശ്രീ ഗ്രൂപ്പുകള്‍ക്കുമാണ് ഫുട്‌ബോള്‍ ലീഗില്‍ മത്സരിക്കുന്നതിന് അവസരമുള്ളത്.