യു.എഫ്.സി പൊട്ടിക്കൽ ചാമ്പ്യന്മാര്‍

മൂന്ന് ദിനങ്ങൾ മുപ്പത്തെട്ട് മത്സരങ്ങള്‍ അട്ടപ്പാടിയിലെ യുവാക്കളെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച പ്രഥമ അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗില്‍ യു.എഫ്.സി പൊട്ടിക്കൽ ചാമ്പ്യന്മാര്‍. മേയ് 25ന് നടന്ന ഫൈനലില്‍ ന്യൂ മില്ലേനിയം എഫ്.സി ആനവായെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ന്  കീഴടക്കിയാണ് അവർ ചാമ്പ്യന്‍  പട്ടം സ്വന്തമാക്കിയത്. 

വിജയികള്‍ക്കുള്ള ട്രോഫിയും മെഡലും 5000 രൂപ ക്യാഷ് അവാര്‍ഡും  സമാപനച്ചടങ്ങിൽ പാലക്കാട് ജില്ലാ കളക്ടര്‍  മൃണ്‍മയി ജോഷി ഐ.എ.എസ് വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ ന്യൂ മില്ലേനിയം ക്ലബ്ബിന് ട്രോഫിയും 3000 രൂപ ക്യാഷ് അവാര്‍ഡും മൂന്നാം സ്ഥാനത്തെത്തിയ അനശ്വര എഫ്.സി അബ്ബന്നൂരിന് 2000 രൂപ ക്യാഷ് അവാര്‍ഡും കളക്ടർ സമ്മാനിച്ചു.

കുടുംബശ്രീ മുഖേന അട്ടപ്പാടിയില്‍ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ലീഗ് മേയ് 23നാണ് ആരംഭിച്ചത്. അട്ടപ്പാടിയിലെ ആദിവാസി യുവാക്കള്‍ക്കിടയിലെ കായിക പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുള്ള മികച്ച അവസരമേകിയ ലീഗില്‍ 38 ടീമുകള്‍ പങ്കെടുത്തു. മദ്യത്തിനും ലഹരിക്കും അടിമപ്പെടാൻ അനുവദിക്കാതെ കായികശേഷിയും മികവും ലഭ്യമാക്കി ആരോഗ്യമുള്ള യുവസമൂഹത്തെ വാർ‍ത്തെടുക്കുക എന്ന ലക്ഷ്യം നടപ്പിലാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ലീഗ് സംഘടിപ്പിച്ചത്. അട്ടപ്പാടിയിൽ പട്ടികവർഗ്ഗ മേഖലയിലെ യുവാക്കൾക്കായി ഇത്തരത്തിൽ ഫുട്ബോള്‍ ലീഗ് സംഘടിപ്പിക്കുന്നതും ഇതാദ്യമാണ്. 
ലീഗിലെ ബെസ്റ്റ് പ്ലെയർ, ബെസ്റ്റ് ഗോൾ കീപ്പർ, ബെസ്റ്റ് ഡിഫൻഡർ, ടോപ്പ് ഗോൾ സ്കോറർ, ഫൈനലിലെ ബെസ്റ്റ് പ്ലെയർ, എമർജിംഗ് പ്ലെയർ ഓഫ് ദ ലീഗ് എന്നീ അവാർഡുകൾ കളക്ടറും ജനപ്രതിനിധികളും ഉദയോഗസ്ഥരും ചേർന്ന് സമ്മാനിച്ചു.

‍ അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് മരുതി മുരുകന്‍, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി പഞ്ചായത്ത് സമിതി പ്രസിഡന്‍ റ്മാർ‍, സെക്രട്ടറിമാർ‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ‍ എന്നിവര്‍ പങ്കെടുത്തു.