പുതിയ അദ്ധ്യയന വര്‍ഷത്തില്‍ സ്കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണത്തില്‍ സജീവമായി കുടുംബശ്രീ അംഗങ്ങള്‍. കോവിഡ്-19 പ്രതിസന്ധി കാലം പിന്നിട്ട് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓണ്‍ലൈനില്‍ നിന്ന് ക്ലാസ്സുകള്‍ ഓഫ്ലൈനാകുകയും പതിവുപോലെ ജൂണ്‍ മാസത്തില്‍ അദ്ധ്യയന വര്‍ഷം ആരംഭിക്കുകയുമായിരുന്നു. ഈ അദ്ധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളിലേക്ക് യഥാസമയം പാഠപുസ്തകം എത്തുമെന്ന് ഉറപ്പുവരുത്തുന്നതില്‍ അയല്ക്കൂട്ടാംഗങ്ങള് പ്രധാന പങ്കുവഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ്, കെ.ബി.പി.എസ് (കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി) എന്നിവയുമായി ചേര്‍ന്നായിരുന്നു കുടുംബശ്രീയുടെ ഈ പ്രവര്‍ത്തനങ്ങള്‍. 14 ജില്ലകളിലെയും പാഠപുസ്തക വിതരണ ഹബ്ബുകളില്‍ 320 കുടുംബശ്രീ വനിതകളും 30ഓളം കുടുംബശ്രീ കുടുംബാംഗങ്ങളുമാണ് പുസ്തകങ്ങള്‍ തരംതിരിക്കാനും വിതരണത്തിന് തയാറാക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.
അയല്ക്കൂട്ടാംഗങ്ങള്ക്കൊപ്പം കുടുംബശ്രീയുടെ ജില്ലാ ഓഫീസുകളിലെ ഉദ്യോഗസ്ഥരും ഈ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.