‘ഒരേയൊരു ഭൂമി’ക്കായി ഒന്നുചേര്‍ന്ന് കുടുംബശ്രീ

വൃക്ഷത്തൈ നടല്‍, ക്യാമ്പയിനുകള്‍, സെമിനാറുകള്‍, മുന്‍കാല പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നട്ട മരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ മത്സരം, പാഴ് വസ്തുക്കള്‍ കൊണ്ട് കൗതുക വസ്തു നിര്‍മ്മാണ മത്സരം, പരിസര ശുചീകരണ പരിപാടികള്‍ എന്നിങ്ങനെയുള്ള വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ജൂണ്‍ അഞ്ചിലെ ലോക പരിസ്ഥിതിദിനം കുടുംബശ്രീ അംഗങ്ങള്‍ ആഘോഷമാക്കി. ‘ഒരേയൊരു ഭൂമി’ എന്നതായിരുന്നു ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനത്തിന്റെ ആപ്തവാക്യം. ഹരിതം ഹരിതാഭം (മലപ്പുറം), കാവല്‍ മരം (ഇടുക്കി), വീട്ടിലൊരു ചെറു നാരകം (കണ്ണൂര്‍), ഒരു തൈ (പത്തനംതിട്ട) എന്നിങ്ങനെയുള്ള  ക്യാമ്പയിനുകളാണ് വിവിധ ജില്ലകള്‍ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചത്. അയല്‍ക്കൂട്ടാംഗങ്ങള്‍ പരിസ്ഥിതിദിനാചരണ പ്രതിജ്ഞയെടുത്തു. ബാലസഭകളും ഓക്‌സിലറി ഗ്രൂപ്പുകളും ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളുമെല്ലാം കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.