കേരളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഇന്ന് അഞ്ച് വര്‍ഷം തികഞ്ഞിരിക്കുന്നു. ഒരു അത്യപൂര്‍വ്വ നേട്ടവും കൂടി കൈവരിച്ചാണ് 2017 ജൂണ്‍ 17ന് കൊച്ചി മെട്രോ സര്‍വീസ് തുടങ്ങിയത്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീ പങ്കാളിത്തത്തോടെ നടത്തുന്ന മെട്രോയെന്നതായിരുന്നു ആ ഖ്യാതി. ആ നേട്ടത്തിന് ഹേതുവായത് കുടുംബശ്രീയും.
ജൂണ്‍ 17ന് മെട്രോയ്ക്ക് അഞ്ച് വയസ്സ് തികയുമ്പോള്‍, കുടുംബശ്രീയുടെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായി മാറിയ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായുള്ള (കെ.എം.ആര്‍.എല്‍) വിജയകരമായ സംയോജനത്തില്‍ ഏറെ അഭിമാനിക്കുകയാണ് കുടുംബശ്രീ. ടിക്കറ്റ് നല്‍കല്‍, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍, ഹൗസ് കീപ്പിങ്, ഗാര്‍ഡനിങ് എന്നിങ്ങനെയുള്ള ചുമതലകള്‍ ഏറ്റവും മികച്ച രീതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ നിര്‍വഹിച്ചു വരികയാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇവിടെ വിവിധ തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു.
കൊച്ചി മെട്രോയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്റ് സെന്റര്‍ മുഖേനയാണ്. നിലവില്‍ 613 പേരാണ് എഫ്.എം.സി മുഖേന കൊച്ചി മെട്രോയില്‍ വിവിധ ജോലികള്‍ ചെയ്യുന്നത്. ഇതില്‍ 9 പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സാണ്. മള്‍ട്ടി ടാസ്‌ക് സര്‍വീസസ് മേഖലയില്‍ ജോലി ചെയ്യുന്നത് കുടുംബശ്രീ കുടുംബാംഗങ്ങളായ 14 പുരുഷന്മാരും.