അട്ടപ്പാടിയില്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു

2022 അധ്യയന വര്‍ഷത്തില്‍ വര്‍ഷത്തില്‍ പത്ത്, പ്ലസ് ടു പരീക്ഷ എഴുതി വിജയിച്ച അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള ചിറ്റൂര്‍ കരിയര്‍ ഡെവലപ്പെമെന്റ് സെന്ററുമായി ചേര്‍ന്ന് അഗളി കിലയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 22നായിരുന്നു ശില്‍പ്പശാല.

  പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് ഉന്നത പഠനത്തിനും തൊഴില്‍ സാധ്യതകള്‍ക്കും വ്യക്തമായ ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ 560 പേര്‍ പങ്കെടുത്തു. ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററിലെ എംപ്ലോയ്‌മെന്റ് ഓഫീസറും സെന്റര്‍ മാനേജരുമായ ഹേമ നേതൃത്വം നല്‍കിയ ടീം ക്ലാസ്സുകള്‍ നയിച്ചു. പിന്നാക്ക ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ വി.എസ്. മുഹമ്മദ് ഇബ്രാഹിം ഉന്നതപഠന സാധ്യതകളെ കുറിച്ച് കുട്ടികളോട് വിശദീകരിച്ചു.

  പത്താം ക്ലാസ്സിനും പ്ലസ് ടു വിനും ശേഷം കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിവിധങ്ങളായ കോഴ്‌സുകളെ കുറിച്ചും ഈ കോഴ്‌സുകളുടെ ജോലി സാധ്യതകളെക്കുറിച്ചും ശില്‍പ്പശാലയിലൂടെ വിശദമാക്കി. അട്ടപ്പാടിയിലെ കുടുംബശ്രീ പഞ്ചായത്ത് സമിതികള്‍ വഴി ആനിമേറ്റര്‍മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ബ്രിഡ്ജ് കോഴ്‌സ് അധ്യാപകര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ വിവരശേഖരണം നടത്തി. കുടുംബശ്രീ അസ്സിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ബി.എസ്. മനോജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.