കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ റെയില്‍വേ സ്‌റ്റേഷനുകളിലും

കാസര്‍ഗോഡുള്ള കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളില്‍ മുന്‍നിരയിലുള്ള ‘സഫലം’ കശുവണ്ടിയും ‘ജീവ’ തേനും ഇനി മുതല്‍ ട്രെയിന്‍ യാത്രക്കിടെ സ്വന്തമാക്കാം. ‘വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട്’ പദ്ധതിയുടെ ഭാഗമായി ദക്ഷിണ റെയില്‍വേയുമായി സംയോജിച്ച് കാസര്‍ഗോഡ്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളില്‍ ഈ ഉത്പന്നങ്ങള്‍ ലഭിക്കുന്ന വിപണന സ്റ്റാളുകള്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുകയാണ്.

 ജൂണ്‍ 23ന് നടന്ന ചടങ്ങില്‍ കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനിലെ സ്റ്റാളിന്റെ ഉദ്ഘാടനം സ്‌റ്റേഷന്‍ മാസ്റ്റര്‍ രാംഖിലാഡി മീനയും കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലെ സ്റ്റാളിന്റെ ഉദ്ഘാടനം സ്റ്റേഷന്‍ മാസ്റ്റര്‍ പ്രശാന്തും നിര്‍വഹിച്ചു.  

 ചെമ്മനാടുള്ള സഫലം കശുവണ്ടി യൂണിറ്റിലെയും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ജീവ ഹണി യൂണിറ്റിലെയും വിവിധ ഉത്പന്നങ്ങള്‍ ലഭ്യമാക്കിയിരിക്കുന്ന സ്റ്റാളുകളില്‍ ഒരു സെയില്‍സ് പേഴ്സണെ വീതവും നിയോഗിച്ചിട്ടുണ്ട്. ഭാവിയില്‍ ജില്ലയിലെ കുമ്പള, ഉപ്പള, ഉള്ളാള്‍, മഞ്ചേശ്വരം, കോട്ടിക്കുളം, ബേക്കല്‍ എന്നീ സ്റ്റേഷനുകളില്‍ കൂടി പദ്ധതിയുടെ ഭാഗമായി ഇത്തരത്തിലുള്ള സ്റ്റാളുകള്‍ ആരംഭിക്കാന്‍ ജില്ലാ മിഷന്‍ ലക്ഷ്യമിട്ടുണ്ട്.

കാഞ്ഞങ്ങാട് നടന്ന ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഹരിദാസ്, പ്രകാശന്‍ പാലായി, കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ കെ.വി. സുജാത ടീച്ചര്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ സുജിനി, സൂര്യ ജാനകി, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ പങ്കെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയിഷ, റെയില്‍വേ അധികൃതര്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ എന്നിവര്‍ കാസര്‍ഗോഡ് നടന്ന ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി.