തലചായ്ക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് എന്ന സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്ന പി.എം.എ.വൈ (അര്‍ബന്‍)- പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതി ജൂണ് 25ന് ഏഴ് സുവര്‍ണ്ണ വര്‍ഷങ്ങള്‍ പിന്നിട്ടു. 2015ല്‍ തന്നെ കേരളത്തിലും കുടുംബശ്രീ മുഖേന തുടക്കമിട്ട ഈ പദ്ധതി 2017 മുതല്‍ ലൈഫുമായി സംയോജിച്ച് 93 നഗരസഭകളിലും നടപ്പിലാക്കി വരുന്നു. ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് ജനപ്രതിനിധികളും, നഗരസഭാ, പ്രോജക്ട് ഉദ്യോഗസ്ഥരും ഗുണഭോക്താക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുമായി സംവദിക്കുകയും ചെയ്തു.
‘നഗരപ്രദേശത്തെ എല്ലാ ഭവനരഹിതര്‍ക്കും വീട്’ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തിഗത നിര്‍മ്മാണം (ഭൂമിയുള്ളവര്‍ക്ക് നാല് ലക്ഷം രൂപ വരെ ധനസഹായം- കേന്ദ്രവിഹിതം 1.5 ലക്ഷം രൂപ, സംസ്ഥാന നഗരസഭാ വിഹിതം- 2.5 ലക്ഷം രൂപ), ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം (നിലവിലുള്ള പലിശ നിരക്കില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ബാങ്ക് വായ്പ), അഫോര്‍ഡബിള്‍ ഹൗസിങ് ഇന്‍ പാര്‍ട്ണര്‍ഷിപ്പ് (പാര്‍പ്പിട സമുച്ചയങ്ങള്‍), ചേരീവികസനം എന്നിങ്ങനെ നാല് ഘടകങ്ങളാണ് പദ്ധതിക്കുള്ളത്.
സംസ്ഥാനത്ത് പി.എം.എ.വൈ (നഗരം) – ലൈഫ് പദ്ധതി പ്രകാരം ഇതുവരെ 1,23,210 വീടുകള്‍ക്ക് അനുമതി ലഭിച്ചു. അതില്‍ 95,122 ഭവനങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുകയും 72,569 വീടുകള്‍ വാസയോഗ്യമാക്കുകയും ചെയ്തു കഴിഞ്ഞു. സ്വന്തമായി ഭൂമിയില്ലാത്ത 970 കുടുംബങ്ങള്‍ക്ക് വേണ്ടി 11 പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചതില്‍ 938 യൂണിറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചു. 288 യൂണിറ്റുകള്‍ പൂര്‍ത്തിയായി. ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം പ്രകാരം 28,715 ഗുണഭോക്താക്കള്‍ക്ക് വായ്പയും ലഭ്യമാക്കി.