മുസോറിയില്‍ താരമായി കുടുംബശ്രീ

മുസോറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷനിലെ വിപണന മേളയില്‍ താരമായി മാറി കുടുംബശ്രീ. കേരള സാരിയും മുണ്ടും കരകൗശല വസ്തുക്കളുമെല്ലാമായി പതിനാറോളം ഉത്പന്നങ്ങളാണ് ജൂണ്‍ 26, 27 തീയതികളിലായി ഐ.എ.എസ് അക്കാഡമിയില്‍ സംഘടിപ്പിച്ച മേളയില്‍ കുടുംബശ്രീ വിപണനത്തിനായി എത്തിച്ചത്.

പാലക്കാട് ജില്ലയില്‍ നിന്നുള്ള കുടുംബശ്രീ ന്യൂട്രിമിക്‌സ് സംരംഭക ഭാഗീരഥി, തൃശ്ശൂര്‍ ജില്ലയിലെ കൊടകര ബ്ലോക്കില്‍ കുടുംബശ്രീ മുഖേന നടത്തിവരുന്ന സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി) ഭാഗമായി പ്രവര്‍ത്തിക്കുന്ന മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരായ ശാരി ഹരി, വിനീത, സംരംഭകയായ ശ്യാമ സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് മേളയിലെ കുടുംബശ്രീ സ്റ്റാള്‍ നടത്തിയത്. രണ്ട് ദിനങ്ങളായി നടന്നമേളയില്‍ 48,070 രൂപയുടെ വിറ്റുവരവും നേടാന്‍ കഴിഞ്ഞു.

വിപണനമേളയിലെ പങ്കാളിത്തത്തിനുപരിയായി അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള കുടുംബശ്രീയുടെ സംരംഭ രൂപീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് സിവില്‍ സര്‍വീസ് ട്രെയിനികളുമായി ഇവര്‍ സംവദിക്കുകയും ചെയ്തു. തൃശ്ശൂര്‍, പാലക്കാട് ജില്ലയിലെ സംരംഭകരുടെ ഉത്പന്നങ്ങളാണ് മേളയില്‍ ലഭ്യമാക്കിയത്.