ആറളത്ത് നിന്ന് കുടുംബശ്രീ ‘കൊക്കോസ്’ ബ്രാന്‍ഡ് വെളിച്ചെണ്ണ വിപണിയില്‍

വിജയിച്ച് മുന്നേറാനുള്ള തൃഷ്ണയും അധ്വാനിച്ച് നേട്ടങ്ങള്‍ കൊയ്യാനുറച്ച കരുത്തുറ്റ മനസ്സിന്റെയും പിന്‍ബലത്തില്‍ ആറളം പട്ടികവര്‍ഗ്ഗ പുനരധിവാസ മേഖലയില്‍ മറ്റൊരു വിജയക്കുതിപ്പിന് തുടക്കമിട്ടിരിക്കുകയാണ് ഇവിടത്തെ കുടുംബശ്രീ സംരംഭകര്‍.  ‘കൊക്കോസ്’ എന്ന ബ്രാന്‍ഡില്‍ വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് വിപണിയിലിറക്കിയിരിക്കുന്നു അവര്‍. 
ആറളം കക്കുവയില്‍ ജൂലൈ ആറിന് നടന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ‘കൊക്കോസ്’ വെളിച്ചെണ്ണ വിപണിയിലിറക്കി.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറളം ഫാം ബ്ലോക്ക് 11 കക്കുവയില്‍ കുടുംബശ്രീ തുടക്കമിട്ട ആറളം വെളിച്ചെണ്ണ ഉത്പാദന യൂണിറ്റിന് ചുക്കാന്‍ പിടിക്കുന്നത് കലാരഞ്ജിനി, സവിത, രമ്യ,സന്ധ്യ,സരോജിനി എന്നീ കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്നാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സ്വന്തം ബ്രാന്‍ഡില്‍ വെളിച്ചെണ്ണ പുറത്തിറക്കണമെന്ന അവരുടെ സ്വപ്നമാണ് ഇപ്പോള്‍ ‘കൊക്കോസി’ന്റെ പിറവിയോടെ സഫലമായിരിക്കുന്നത്. പ്രിസര്‍വേറ്റീവുകളോ മറ്റോ ചേര്‍ക്കാത്ത ചക്കിലാട്ടിയ നല്ല ഒന്നാന്തരം പരിശുദ്ധമായ വെളിച്ചെണ്ണയാണ് കൊക്കോസ് ബ്രാന്‍ഡിലൂടെ ജനങ്ങളുടെ കൈകളിലേക്കെത്തുക. ആദ്യ ഘട്ടത്തില്‍ അരലിറ്റര്‍, ഒരു ലിറ്റര്‍ ബോട്ടിലുകളിലാണ് കൊക്കോസ് വെളിച്ചെണ്ണ പൊതുവിപണിയില്‍ ലഭ്യമാവുക.

ബാങ്ക് വായ്പയായി കണ്ടെത്തിയ തുകയ്‌ക്കൊപ്പം ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സാമ്പത്തിക സഹായവും യൂണിറ്റിന് തുണയായി. കൂടാതെ പരിശീലനവും, ബ്രാന്‍ഡിങ്ങിനാവശ്യമായ സാങ്കേതിക പിന്തുണയും കുടുംബശ്രീ ലഭ്യമാക്കി. കെട്ടിട സൗകര്യം ഒരുക്കിയത് നബാര്‍ഡും ട്രൈബല്‍ റീസെറ്റില്‍മെന്റ് ആന്‍ഡ് ഡെവലപ്പ്മെന്റ് മിഷനും (ടി.ആര്‍.ഡി.എം) ചേര്‍ന്നാണ്.