കുടുംബശ്രീയുടെ മണ്‍സൂണ്‍ വെബിനാര്‍ പരമ്പരയ്ക്ക് തുടക്കമായി

പ്രകൃതിദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ മണ്‍സൂണ്‍ കാലത്ത് നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കുന്നത് സംബന്ധിച്ച ബോധവല്‍ക്കരണ സന്ദേശങ്ങള്‍ അയല്‍ക്കൂട്ട കുടുംബങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ മണ്‍സൂണ്‍ വെബിനാര്‍ പരമ്പരയ്ക്ക് 15-07-2022 ന്‌ തുടക്കമായി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് വെബിനാര്‍ പരമ്പരയുടെ ഉദ്ഘാടനം നിര്‍വഹിച്ച് ‘പ്രകൃതി ദുരന്തങ്ങളും അതിജീവനവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
  പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ആഴ്ചയില്‍ ഒന്നു വീതം ആകെ പതിനഞ്ചു വെബിനാറുകള്‍ സംഘടിപ്പിക്കും.
  ഉരുള്‍പൊട്ടല്‍, പ്രളയം, ചുഴലിക്കാറ്റ്, കടല്‍ക്ഷോഭം എന്നിവ ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങ നേരിടാന്‍  സ്വീരിക്കേണ്ട മുന്‍കരുതലുകള്‍, പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവിധ പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, പ്രളയത്തില്‍ വീടിന്റെയും വളര്‍ത്തുമൃഗങ്ങളുടെയും സംരക്ഷണം, പകര്‍ച്ചവ്യാധികളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള സന്ദേശങ്ങള്‍ ഓരോ കുടുംബശ്രീ കുടുംബത്തിലേക്കും എത്തിക്കുകയും ആകസ്മിക പ്രകൃതിദുരന്തങ്ങളെ നേരിടാനും അതിജീവിക്കാനും സ്വയംസജ്ജരാക്കുകയുമാണ് വെബിനാര്‍ പരമ്പരയുടെ ലക്ഷ്യം.
  കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, അയല്‍ക്കൂട്ട പ്രതിനിധികള്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ബ്‌ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരായിരിക്കും വെബിനാറില്‍ പങ്കെടുക്കുക. വെബിനാറിലൂടെ ലഭിച്ച അറിവുകള്‍ ഇവര്‍ മുഖേന അയല്‍ക്കൂട്ടങ്ങളില്‍ എത്തിക്കുന്നിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
  കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ജഹാംഗീര്‍. എസ് സ്വാഗതം ആശംസിച്ചു. വെബ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീബാല്‍ ബി.എസ് നന്ദി പറഞ്ഞു