ഡി.ഡി.യു-ജി.കെ.വൈ യുവകേരളം പദ്ധതികള്‍ വഴി പുതുതലമുറ കോഴ്‌സുകളില്‍ സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം നേടാം

യുവജനങ്ങള്‍ക്ക് വ്യത്യസ്ത തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നേടാന്‍ അവസരമൊരുക്കി കുടുംബശ്രീ. ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ) പദ്ധതി വഴിയാണ് വൈവിധ്യമാര്‍ന്ന പുതുതലമുറ കോഴ്‌സുകള്‍ നടപ്പാക്കുന്നത്. കൂടാതെ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ടുള്ള റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയായ യുവകേരളം വഴിയും കോഴ്‌സുകള്‍ നടത്തുന്നുണ്ട്.  

ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ സ്‌പെഷ്യലിസ്റ്റ്, അഡ്വാന്‍സ്ഡ് എംബഡഡ് ടെക്‌നോളജി, സോഫ്ട്‌വെയര്‍ ഡെവലപ്പര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍, ജ്വല്ലറി റീട്ടെയ്ല്‍ മാനേജ്‌മെന്റ്, വെബ് ഡിസൈനിങ്ങ് ആന്‍ഡ് പബ്‌ളിഷിങ്ങ് അസിസ്റ്റന്റ് എന്നിവ ഉള്‍പ്പെടെ തൊണ്ണൂറിലേറെ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പരിപാടികളില്‍ പങ്കെടുക്കാനുളള അവസരമാണ് ഇതു വഴി ലഭിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തങ്ങള്‍ക്കിഷ്ടമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനും പഠിക്കാനും അവസരമില്ലാത്ത യുവജനങ്ങള്‍ക്ക് ഏറെ സഹായകരമാകുന്നതാണ് ഈ പദ്ധതികള്‍.  

  ഗ്രാമീണമേഖലയിലെ 18നും 35നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് പദ്ധതികളില്‍ ചേരാനാകും. വനിതകള്‍, പ്രാക്തന ഗോത്രവര്‍ഗക്കാര്‍, അംഗപരിമിതര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് 45 വയസുവരെ ഇളവു ലഭിക്കും. ഇരു പദ്ധതികളുടെ കീഴിലും എട്ടാം ക്‌ളാസ് മുതല്‍ ബിരുദം, ഐ.ടി.ഐ, ഡിപ്‌ളോമ യോഗ്യതയുളളവര്‍ക്ക് അനുയോജ്യമായ കോഴ്‌സുകളുണ്ട്. മൂന്നു മാസം മുതല്‍ ആറുമാസം വരെയാണ് കോഴ്‌സുകളുടെ കാലാവധി. ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യം അനുസരിച്ചുള്ള കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനുള്ള  എല്ലാ പിന്തുണയും പദ്ധതി വഴി ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലന കാലത്ത് പഠനോപകരണങ്ങളും യൂണിഫോമും സൗജന്യമായി നല്‍കും. കൂടാതെ സൗജന്യ ഹോസ്റ്റല്‍ സൗകര്യവുമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും മികച്ച സാങ്കേതിക സജ്ജീകരണങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഉള്‍പ്പെടെ 124 പഠനകേന്ദ്രങ്ങളും സജീവമാണ്. 177 പരിശീലന ഏജന്‍സികളാണുള്ളത്.

കോഴ്‌സുകളുടെ വിശദാംശങ്ങള്‍, ദൈര്‍ഘ്യം, പരിശീലനം ആരംഭിക്കുന്ന തീയതി, പരിശീലന ഏജന്‍സികള്‍, കോഴ്‌സ് മൊബിലൈസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരുടെയും പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ www.kudumbashree.org/courses എന്ന ലിങ്കില്‍ ലഭ്യമാണ്.
നിലവില്‍ ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി 61,439 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനും 44,158 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും സാധിച്ചിട്ടുണ്ട്.