സ്ത്രീകള്‍ സ്ത്രീകള്‍ക്ക് വേണ്ടി ഹെയര്‍ സലൂണും ബ്യൂട്ടിപാര്‍ലറുമൊക്കെ നടത്തുന്നത് ഇന്ന് സര്‍വ്വസാധാരണം. എന്നാല്‍ യുവാക്കള്‍ക്കായുള്ള ട്രെന്‍ഡി സ്‌റ്റൈലുകള്‍ ഉള്‍പ്പെടെ പുരുഷന്മാര്‍ക്ക് ഹെയര്‍സ്‌റ്റൈലും ഹെയര്‍കട്ടിങ്ങും ചെയ്ത് നല്‍കി നാട്ടില്‍ ഒരു കൊച്ചുതാരമായി മാറിയിരിക്കുകയാണ് കുടുംബശ്രീ സംരംഭകയായ കെ. ഷൈലമ്മ.
ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം ബ്ലോക്കിലെ കൈനകരി പഞ്ചായത്തിലാണ് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായുള്ള സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി ഷൈലമ്മ ‘ഹെവന്‍’ എന്ന പേരില്‍ ഹെയര്‍ സലൂണ്‍ ആരംഭിച്ചത്.
അംഗന്‍വാടി ഹെല്‍പ്പറായി ജോലി ചെയ്തുവരുന്ന ഷൈലമ്മ ബ്യൂട്ടീഷന്‍ കോഴ്‌സ് പാസായിട്ടുണ്ടായിരുന്നു. അതിനാല്‍ തന്നെ കുടുംബശ്രീയുടെ ആര്‍.കെ.ഐ- ഇ.ഡി.പി പദ്ധതി മുഖേന സംരംഭം ആരംഭിക്കാനുള്ള അവസരമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അത് എന്തായിരിക്കണമെന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ ഈ വര്‍ഷം മാര്‍ച്ച് 20ന് കൈനകരി കുട്ടമംഗംലത്തെ ചെറുകായില്‍ച്ചിറ എന്ന സ്വന്തം വീടിനോട് ചേര്‍ന്ന് ഷൈലമ്മ സലൂണിന് തുടക്കമിട്ടു.
യൂട്യൂബിനെ ഗുരുവായി സ്വീകരിച്ച് പുതിയ ഹെയര്‍സ്റ്റൈല്‍ ട്രെന്‍ഡുകളുള്‍പ്പെടെ സ്വായത്തമാക്കിയ ഷൈലമ്മ തന്റെ സംരംഭം മുഖേന ബ്രൈഡര്‍ കെയര്‍, നെയില്‍ ആര്‍ട്ട്, ഫേഷ്യല്‍, മസാജ് ട്രീറ്റ്‌മെന്റ് എന്നിവയെല്ലാം ഇപ്പോള്‍ ചെയ്ത് നല്‍കിവരുന്നു.