‘കണി’യൊരുക്കി കാസറഗോഡ്

ഹൈടെക് കൃഷി രീതികളിലൂടെ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും അതോടൊപ്പം ഔഷധ-സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്ത് കാസറഗോഡ് ജില്ലയിലെ കാര്‍ഷികമേഖലയില്‍ നിശബ്ദ വിപ്ലവം സൃഷ്ടിച്ച് മുന്നേറുകയാണ് കുടുംബശ്രീ ജില്ലാ ടീം, കണി (കുടുംബശ്രീ ഫോര്‍ അഗ്രികള്‍ച്ചര്‍ ന്യൂ ഇന്റര്‍വെന്‍ഷന്‍) എന്ന നൂതന പദ്ധതിയിലൂടെ. ഹൈടെക് ഫാമിങ്ങിലൂടെ ജില്ലയില്‍ വിഷരഹിത പഴം, പച്ചക്കറി, ഔഷധ സസ്യങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുകയും കുടുംബശ്രീ അംഗങ്ങളുടെ ജീവനോപാധി മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. കൂടെ ഫാം ടൂറിസം പ്രോത്സാഹിപ്പിച്ച് വരുമാനം കണ്ടെത്തുകയും ചെയ്യുന്നു.

വെജിറ്റബിള്‍ വോക് (പച്ചക്കറി), ഫ്രൂട്ട് ഗാര്‍ഡന്‍ (പഴവര്‍ഗ്ഗം), ഹെര്‍ബ്-സ്‌പൈസസ് ഗാര്‍ഡന്‍ (ഔഷധ-സുഗന്ധ വ്യഞ്ജനങ്ങള്‍) എന്നീ മൂന്ന് ഉപ പദ്ധതികള്‍ കണിയ്ക്ക് കീഴിലുള്ളത്. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളിലൂടെ സി.ഡി.എസ് തലത്തിലാണ് കൃഷി നടത്തുന്നത്. 2021ലാണ് കണി പ്രോജക്ട് ആദ്യമായി ജില്ലയിൽ ആരംഭിച്ചത്. കൃത്യമായ നിബന്ധനകള്‍ നല്‍കി മത്സരരീതിയിലായിരുന്നു അന്ന് വെജിറ്റബിള്‍ വോക്ക് സംഘടിപ്പിച്ചത്. ആദ്യവര്‍ഷം പച്ചക്കറി കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ ഇത്തവണ പഴവര്‍ഗ്ഗങ്ങളും ഔഷധ-സുഗന്ധ വ്യഞ്ജനങ്ങളും പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു.

വെജിറ്റബിള്‍ വോക്കിന്റെ ഭാഗമായി 3 മുതല്‍ 15 വരെ ഏക്കര്‍ സ്ഥലത്ത് ഒറ്റ പ്ലോട്ടില്‍ (ഒരു വിള കുറഞ്ഞത് ഒരേക്കറില്‍) എന്ന രീതിയിലാണ് കൃഷി ചെയ്യുന്നത്. ഫ്രൂട്ട് ഗാര്‍ഡന്റെ ഭാഗമായി കുറഞ്ഞത് ഒരേക്കറിലും ഹെര്‍ബ്- സ്‌പൈസസ് ഗാര്‍ഡന്റെ ഭാഗമായി കുറഞ്ഞത് 50 സെന്റിലും കൃഷി ചെയ്യണം. 2023 മാര്‍ച്ചോടെ ഈ മൂന്ന് മേഖലകളിലും മാതൃകാ കൃഷി ഇടങ്ങളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.

2021-22 സാമ്പത്തികവര്‍ഷം 23 സി.ഡി.എസുകള്‍ വെജിറ്റബിള്‍ വോക്കിന്റെ ഭാഗമായി കൃഷി ഇറക്കി 8.26 കോടി രൂപയുടെ വിറ്റുവരവും നേടി. നിലവില്‍ 9 സി.ഡി.എസുകള്‍ ഫ്രൂട്ട് ഗാര്‍ഡന്റെയും 15 സി.ഡി.എസുകള്‍ ഹെര്‍ബ്-സ്‌പൈസസ് ഗാര്‍ഡന്റെയും ഭാഗമായിട്ടുണ്ട്. ഫ്രൂട്ട് ഗാര്‍ഡന്റെ ഭാഗമായി 25 ഏക്കറില്‍ തണ്ണിമത്തന്‍ കൃഷി ചെയ്തു നേടിയ 128 ടണ്‍ വിളവിലൂടെ 25 ലക്ഷം രൂപ ലാഭമാണ് ഇക്കഴിഞ്ഞ റംസാന്‍ കാലത്ത് നേടിയത്. ഡ്രാഗണ്‍ ഫ്രൂട്ട്, റമ്പൂട്ടാൻ, ഉരുളക്കിഴങ്ങ്, മധുരതുളസി, കറ്റാര്‍വാഴ, ഗ്രാമ്പൂ എന്നിങ്ങനെ നിരവധി വിളകളാണ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്തുവരുന്നത്.