സാമൂഹികമായ അംഗീകാരവും അവകാശങ്ങളും നേടിയെടുക്കാന്‍ പുരുഷ മേധാവിത്വത്തെ മറികടക്കാനുള്ള ആന്തരിക ശക്തി സ്ത്രീസമൂഹം നേടിയെടുക്കണമെന്നും സമൂഹത്തിന്‍റെ സമഗ്രവും സര്‍വതല സ്പര്‍ശിയുമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നിരന്തരമായ നവീകരണം ആവശ്യവുമാണെന്നും തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കുടുംബശ്രീയില്‍ പുതുതായി ചുമതലയേറ്റ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കു വേണ്ടി തിരുവനന്തപുരം മാര്‍ ഗ്രിഗോറിയസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച സംസ്ഥാനതല പരിശീലന പരിപാടി ‘ചുവട് 2022’-ല്‍ പങ്കെടുത്ത് സംവദിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരന്തരമായി നവീകരിക്കപ്പെട്ടുകൊണ്ട് മനുഷ്യ സമൂഹത്തിനാകെ നേട്ടമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തണം. വിജ്ഞാനത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ സൃഷ്ടിച്ചുകൊണ്ട് പുതിയൊരു സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ-ഡിസ്കുമായി ചേര്‍ന്നുകൊണ്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിന്‍റെ ഭാഗമാണ്. ഇതിന്‍റെ പ്രയോജനം ലഭിക്കുന്നവരില്‍ ഏറെയും സ്ത്രീകളായിരിക്കും.
മെച്ചപ്പെട്ട തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ലോക വിപണിയില്‍ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയണം. ആകര്‍ഷകമായ പായ്ക്കിംഗ്, ലേബലിംഗ്, ബ്രാന്‍ഡിംഗ് എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആഗോള വിപണിക്കനുസൃതമായി പരിഷ്കരിച്ചുകൊണ്ടാവണം ഈ പ്രവര്‍ത്തനങ്ങള്‍. പ്രാദേശികമായ സവിശേഷതകളുള്ള ഉത്പന്നങ്ങള്‍ ഈ ശ്രേണിയിലേക്ക് കൊണ്ടുവരാന്‍ കഴിയും. അഞ്ച് ദിവസത്തെ പരിശീലനം ആശയങ്ങള്‍ മറ്റുള്ള അയല്‍ക്കൂട്ട അംഗങ്ങളുമായി കണ്ണിചേര്‍ത്തുകൊണ്ട് സമൂഹത്തില്‍ പ്രകടമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന ഭൗതിക ശക്തിയായി മാറാന്‍ ഓരോ സി.ഡി.എസ് പ്രവര്‍ത്തകര്‍ക്കും കഴിയണം. വിവിധ സി.ഡി.എസുകളെ പ്രതിനിധീകരിച്ച് അധ്യക്ഷമാര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കിയ മന്ത്രി പുതുതായി രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പുകളെ കൂടി ചേര്‍ത്തുകൊണ്ട് ഊര്‍ജസ്വലമായി മുന്നോട്ടുപോകാന്‍ കഴിയണമെന്ന് ആശംസിച്ചു. കുടുംബശ്രീ ഡയറക്ടര്‍ ആശാ വര്‍ഗീസ് സ്വാഗതവും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. മൈന ഉമൈബാന്‍ നന്ദിയും പറഞ്ഞു.
കേരളത്തിലെ 1070 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കായി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന റസിഡന്‍ഷ്യല്‍ പരിശീലനമാണ് ചുവട് 2022. ഏഴ് ബാച്ചുകളിലായാണ് പരിശീലനം. ഇതില്‍ ആദ്യ ബാച്ചിന്‍റെ പരിശീലനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത 150 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. സി.ഡി.എസ് അധ്യക്ഷമാരുടെ ദൈനംദിന ചുമതലകളിലും ഭരണനിര്‍വഹണത്തിലും എപ്രകാരം ഇടപെടണമെന്നും പ്രവര്‍ത്തിക്കണമെന്നുമുള്ള ലക്ഷ്യബോധം സൃഷ്ടിക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ആദ്യ ബാച്ചിന്‍റെ പരിശീലനം നാളെ (02/08/2022) അവസാനിക്കും. അടുത്ത ബാച്ചിന്‍റെ പരിശീലനം ഓഗസ്റ്റ് 4-ന് തുടങ്ങും.