സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം: 45 ലക്ഷം അയല്‍ക്കൂട്ട കുടുംബങ്ങളിലും പാറിപ്പറന്ന് ദേശീയ പതാക

സ്വാതന്ത്ര്യത്തിന്‍റെ  എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കിയ ‘ഹര്‍ ഘര്‍ തിരംഗ’യില്‍ മിന്നിത്തിളങ്ങി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും. സംസ്ഥാനത്തെ മൂന്നു ലക്ഷം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലും ഇതിലെ അംഗങ്ങളായ  45 ലക്ഷം സ്ത്രീകളുടെ കുടുംബങ്ങളിലും ത്രിവര്‍ണ പതാക ഉയര്‍ന്നു പൊങ്ങി.

 സ്വാന്തന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഇത്തവണ അയല്‍ക്കൂട്ടങ്ങളില്‍ ഉയര്‍ത്തിയ ദേശീയ പതാകകള്‍ കുടുംബശ്രീ യൂണിറ്റുകള്‍ തുന്നിയതാണെന്നതും അഭിമാനമായി. അയല്‍ക്കൂട്ട അംഗങ്ങള്‍ യോഗം ചേര്‍ന്നതിനു ശേഷം ഓരോ അയല്‍ക്കൂട്ടത്തിന്‍റെയും പ്രസിഡന്‍റമാരാണ് ദേശീയ പതാക ഉയര്‍ത്തിയത്. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ട് കുടുംബശ്രീ സി.ഡി.എസുകള്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ നിലവിലെ അയല്‍ക്കൂട്ടങ്ങള്‍ക്കൊപ്പം പുതുതായി രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പുകളും സജീവമായി പങ്കെടുത്തു. ബാലസഭ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി മെഗാ ക്വിസ്, പ്രസംഗം, ചിത്രരചനാ മത്സരങ്ങളും കൂടാതെ പതിനായിരം ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സ്വാതന്ത്ര്യ ദിന പ്രതിജ്ഞ, അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ നയിച്ച കലാജാഥകള്‍ എന്നിങ്ങനെ വിവിധ പരിപാടികളും സി.ഡി.എസുകളില്‍ സംഘടിപ്പിച്ചു.  

കുടുംബശ്രീ സി.ഡി.എസുകള്‍ വഴിയായിരുന്നു അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പതാക വിതരണം. അതത് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നാണ് ഇതു ലഭ്യമായത്. അയല്‍ക്കൂട്ടതല പരിപാടികള്‍ക്ക് കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് നേതൃത്വം വഹിച്ചു.