‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരം, അഞ്ചാം സീസണിന് തുടക്കം – സെപ്റ്റംബര്‍ 22 വരെ എന്‍ട്രികള്‍ അയയ്ക്കാം

കേരള സമൂഹത്തില്‍ അതിശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞിരി ക്കുന്ന സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ സംഘടിപ്പിക്കുന്ന ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ അഞ്ചാം സീസണിന് തുടക്കം. സെപ്റ്റംബര്‍ 22 ആണ് അവസാന തീയതി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുക.

കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍ നടത്തുന്ന വിവിധ സംരംഭ പ്രവര്‍ത്തനങ്ങളും കാര്‍ഷിക പ്രവര്‍ത്തനങ്ങളും, കുടുംബശ്രീ ബാലസഭകള്‍, ബഡ്സ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ആധാരമാക്കിയ ചിത്രങ്ങള്‍ എടുക്കാം.

ഫോട്ടോകള്‍  kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കാം. ഫോട്ടോ പ്രിന്‍റുകളോ അല്ലെങ്കില്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാത്ത ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ സി.ഡി-യോ ‘പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്ക് അയച്ചു നല്‍കാം. ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം’ എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയി രിക്കണം.

വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡ് ലഭിക്കും. കൂടാതെ പത്ത് പേര്‍ക്ക് 2000 രൂപവീതം പ്രോത്സാഹന സമ്മാനമായും ലഭിക്കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്‍റെ പൂര്‍ണ്ണരൂപം  www.kudumbashree.org/photography2022 എന്ന വെബ്സൈറ്റ് ലിങ്കില്‍ ലഭിക്കും.