സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന യാത്രാ ദുരിതം, ബാലവാകാശ പ്രശ്‌നങ്ങള്‍ എന്ന് തുടങ്ങി പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ ദുരിതങ്ങളും പട്ടിണിമരണങ്ങളുമെല്ലാം ചര്‍ച്ചാ വിഷയങ്ങള്‍. ചാട്ടുളി പോലുള്ള ചോദ്യങ്ങളുമായി പ്രതിപക്ഷം. വിവാദങ്ങള്‍ ഒഴിവാക്കി വിദഗ്ധ ഉത്തരങ്ങളുമായി ഭരണപക്ഷം. കഴിഞ്ഞ രണ്ടാഴ്ചക്കാലം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടന്ന ബാല പാര്‍ലമെന്റുകള്‍ അക്ഷരാര്‍ത്ഥത്തില്‍ സംഭവബഹുലമായിരുന്നു. കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്ക് ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസ്സിലാക്കി നല്‍കുന്നതിനാണ് ബാലപാര്‍ലമെന്റ് എന്ന പ്രവര്‍ത്തനം നടപ്പിലാക്കി വരുന്നത്. ഇപ്പോള്‍ 28,000 ബാലസഭകളിലായി 3.95 ലക്ഷം കുട്ടികള്‍ അംഗങ്ങളാണ്. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍, ഭരണസംവിധാനങ്ങള്‍, നിയമനിര്‍മ്മാണം, ഭരണഘടനാ മൂല്യം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും ലക്ഷ്യമാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുമുള്ള ബാലസഭകളിലെ അംഗങ്ങളായ കുട്ടികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ചേരുന്ന ബാലപഞ്ചായത്തുകള്‍ തദ്ദേശ സ്ഥാപനതലത്തില്‍ സംഘടിപ്പിക്കുന്നു. ഓരോ ജില്ലയിലെയും ബാല പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരംഗം വീതം ഉള്‍പ്പെടുന്ന ജില്ലാ പാര്‍ലമെന്റുകള്‍ ജില്ലാതലത്തിലും നടത്തുന്നു. ഓരോ ജില്ലയിലെയും ജില്ലാ പാര്‍ലമെന്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വീതം കുട്ടികളാണ് (അഞ്ച് പെണ്‍കുട്ടികളും ആണ്‍കുട്ടികളും വീതം) സംസ്ഥാനതല ബാലപാര്‍ലമെന്റില്‍ പങ്കെടുക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ അവകാശങ്ങളും അവര്‍ നേരിടുന്ന വെല്ലുവിളികളും ഈ സംവിധാനങ്ങള്‍ മുഖേന ചര്‍ച്ച ചെയ്യുകയും രേഖകള്‍ തയാറാക്കുകയും ചെയ്യുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ജില്ലാതല ബാല പാര്‍ലമെന്റുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. സംസ്ഥാനതല ബാല പാര്‍ലമെന്റ് അടുത്തമാസം ആദ്യം തിരുവനന്തപുരത്ത് സംഘടിപ്പിക്കും.