ഒരു പൂവല്ല, ഈ ഓണത്തിന് ഒരു പൂക്കാലം തന്നെ കുടുംബശ്രീ ഒരുക്കും

ഓണക്കിറ്റിലേക്ക് ശര്‍ക്കരവരട്ടിയും ചിപ്‌സും തയാറാക്കി നല്‍കല്‍. പച്ചക്കറിയും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും ലഭ്യമാക്കി ഓണവിപണന മേളകള്‍ സംഘടിപ്പിക്കല്‍. ഇതിനെല്ലാം പുറമേ ഈ വരുന്ന ഓണക്കാലത്തെ സ്വീകരിക്കാന്‍ മലയാളികള്‍ക്ക് വേണ്ടി വിവിധ ഇനം പൂക്കള്‍ കൃഷി ചെയ്ത് തയാറാക്കുന്നതിലും വ്യാപൃതരാണ് കുടുംബശ്രീ അംഗങ്ങള്‍.
ജമന്തി, ചെണ്ടുമല്ലി, ബന്ദി എന്നിങ്ങനെയുള്ള പൂക്കളാണ് കൃഷി ചെയ്തുവരുന്നത്. പൂക്കൃഷിയില്‍ ശ്രദ്ധ കേന്ദ്രീരിച്ചിരിക്കുന്ന കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് മികച്ച വരുമാനം സ്വന്തമാക്കാനുള്ള അവസരമായാണ് ഓണക്കാലത്തെ കണക്കാക്കുന്നത്.

കാസര്‍ഗോഡ് (18 യൂണിറ്റ് 12 ഏക്കര്‍), കണ്ണൂര്‍ (55 യൂണിറ്റ്, 27.5 ഏക്കര്‍), വയനാട് (1 യൂണിറ്റ് 1.5 ഏക്കര്‍), മലപ്പുറം (31 യൂണിറ്റ്, 10.76 ഏക്കര്‍), കോഴിക്കോട് (3 യൂണിറ്റ് 1 ഏക്കര്‍), തൃശ്ശൂര്‍ (77 യൂണിറ്റ് 28.85 ഏക്കര്‍), എറണാകുളം (14 യൂണിറ്റ് 8 ഏക്കര്‍), ആലപ്പുഴ (294 യൂണിറ്റ് 27.87 ഏക്കര്‍), കോട്ടയം (21 യൂണിറ്റ് 6.5 ഏക്കര്‍), പത്തനംതിട്ട (1 യൂണിറ്റ് 50 സെന്റ്), തിരുവനന്തപുരം (19 യൂണിറ്റ് 3.52 ഏക്കര്‍) എന്നീ ജില്ലകളിലെല്ലാം പൂക്കൃഷി തകൃതിയായി നടന്നുവരികയാണ്.