കുടുംബശ്രീ പ്രത്യേക ഉപജീവന പദ്ധതിക്ക് തുടക്കം

ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി) രണ്ടാം ഭാഗമായി നടപ്പിലാക്കുന്ന പ്രത്യേക ഉപജീവന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പി.വി. ശ്രീനിജന്‍ എം.എല്‍.എ എറണാകുളം ജില്ലയിലെ കോലഞ്ചേരി കിടാച്ചിറ ഹില്‍ടോപ്പില്‍ ഓഗസ്റ്റ് 27നായിരുന്നു ഉദ്ഘാടനചടങ്ങ്.

 എസ്.വി.ഇ.പി മുഖേന പ്രാദേശികതലത്തില്‍ പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അതുവഴി പ്രാദേശിക സാമ്പത്തിക വിനിമയത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷനായ ചടങ്ങില്‍ സംരംഭകരെ തൊഴില്‍ദാതാക്കളായി മാറ്റുന്ന ലൈവ്‌ലിഹുഡ് പാക്കേജിന്റെ ഭാഗമായി ആരംഭിച്ച സേവിക ഗാര്‍മെന്റ്‌സിന്റെ ലോഗോ തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷ രമ സന്തോഷ് പ്രകാശിപ്പിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് സ്വാഗതം ആശംസിച്ചു.

 2017 സാമ്പത്തിക വര്‍ഷത്തില്‍ എറണാകുളം ജില്ലയിലെ വടവുകോട് ബ്ലോക്കിലും  പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്കിലുമാണ് എസ്.വി.ഇ.പി പൈലറ്റ് പദ്ധതി നടപ്പിലാക്കിയത്. 2129 മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭങ്ങളാണ്  വടവുകോട് ബ്ലോക്കില്‍ ഇക്കാലയളവില്‍ രൂപീകരിച്ചത്.

 പദ്ധതിയുടെ ഭാഗമായി വ്യക്തിഗത സംരംഭങ്ങള്‍ക്ക് 50,000 രൂപ വരെയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയുമാണ് കമ്മ്യൂണിറ്റി എന്റര്‍പ്രൈസസ് ഫണ്ട് നല്‍കുക. ഇതുവരെ 991 സംരംഭങ്ങള്‍ക്ക് ആകെ 4,63,05000 രൂപ  കമ്മ്യുണിറ്റി എന്റര്‍പ്രൈസ് ഫണ്ട് ആയി വടവുകോട് ബ്ലോക്കില്‍ നല്‍കിയിട്ടുണ്ട്. 2021 മാര്‍ച്ച് മാസത്തില്‍ എസ്.വി.ഇ.പി പദ്ധതിയുടെ കാലാവധി അവസാനിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സംരംഭങ്ങളുടെ പുനഃപ്രവര്‍ത്തനത്തിനായി (സ്വയം തൊഴിലില്‍ നിന്നും തൊഴില്‍ദായക സംരംഭങ്ങളിലേക്ക്) 2.5 കോടി രൂപ രണ്ടു ബ്ലോക്കുകള്‍ക്കും അനുവദിച്ചു.

സേവിക ഗാര്‍മെന്റ്‌സ്
വടവുകോട് സേവികാ എം.ഇ.സി (മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്) ഗ്രൂപ്പിലെ എട്ട് അംഗങ്ങള്‍ ചേര്‍ന്ന് ടെക്‌സ്‌റ്റൈല്‍ മേഖലയിലെ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ആരംഭിച്ചതാണ് സേവിക ഗാര്‍മെന്റ്‌സിന് 50 ലക്ഷം രൂപയാണ് അനുവദിച്ചത്. വസ്ത്രങ്ങള്‍ മൊത്ത വിലയിലും ചില്ലറ വിലയിലും സേവികയില്‍ നിന്ന് ലഭിക്കും.  

സംസ്ഥാനത്തെ മറ്റു 13 ബ്ലോക്കിലും ഇതുപോലെയുള്ള തൊഴില്‍ദായക സംരംഭങ്ങള്‍ അവിടുത്തെ പ്രാദേശിക സാധ്യത മുന്‍നിര്‍ത്തി എം.ഇ.സി ഗ്രൂപ്പുകള്‍ മുഖേന ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റുമാരായ സോണിയ മുരേകഷന്‍, സി.ആര്‍. പ്രകാശ്, ടി.പി. വര്‍ഗീസ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, സ്ഥിരം സമിതി അധ്യക്ഷരായ ജൂബിള്‍ ജോര്‍ജ്, രാജമ്മ രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രീതി എം.ബി നന്ദി പറഞ്ഞു.