വടംവലിയിലും ഒരു കൈ പയറ്റി കുടുംബശ്രീ അംഗങ്ങള്‍, നെഹ്റു ട്രോഫിയുടെ ആവേശം വാനോളം…

ഓളപ്പരപ്പിലെ ഒളിംപിക്സായ നെഹ്‌റുട്രോഫി ജലോത്സവത്തിന് ആവേശമേറ്റി കുടുംബശ്രീ അംഗങ്ങളുടെ വടംവലി മത്സരം. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്ന് ഓഗസ്റ്റ് 28നാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ആലപ്പുഴ കടപ്പുറത്ത് വടംവലി മത്സരം സംഘടിപ്പിച്ചത്.

നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യാ രാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 15 സി.ഡി.എസുകളെയും പ്രതിനിധീകരിച്ചുള്ള ടീമുകള്‍ മത്സരത്തിന്റെ ഭാഗമായി. ആറാട്ടുപുഴ, എടത്വ സി.ഡി.എസുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 10,000 രൂപയും ട്രോഫിയും ഒന്നാം സ്ഥാനക്കാര്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനക്കാര്‍ 7500 രൂപയും ട്രോഫിയും സ്വന്തമാക്കി.

പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനമായി ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വിഷ്ണു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം.ജി. സുരേഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍ സുനിത എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.