കുട്ടികള്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നേടണം: മന്ത്രി അഡ്വ. ആന്‍റണി രാജു

കുട്ടികള്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നേടണമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്‍റണി രാജു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ബാലസഭാംഗങ്ങള്‍ക്കായി പഴയ നിയമസഭാ മന്ദിരത്തില്‍ സംഘടിപ്പിച്ച ബാലപാര്‍ലമെന്‍റ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസമെന്നത് വിവിധ മേഖലകളില്‍ നേടുന്ന അറിവിനൊപ്പം സാമൂഹ്യപ്രതിജ്ഞാബദ്ധതയും ഉത്തരവാദിത്വ ബോധവും പുലര്‍ത്താന്‍ കഴിയുന്ന വിധത്തില്‍ ഒരു വ്യക്തിയുടെ സമഗ്രവികാസമാണ്. എല്ലാ മേഖലയിലും അറിവ് നേടാന്‍ സഹായിക്കുന്ന പദ്ധതിയാണ് കുടുംബശ്രീയുടെ ബാലപാര്‍ലമെന്‍റ്. നിയമസഭയും പാര്‍ലമെന്‍റും ഉള്‍പ്പെടെയുള്ള ജനാധിപത്യസംവിധാനവുമായി ബന്ധപ്പെട്ട് ലഭ്യമാക്കുന്ന ബാലപാര്‍ലമെന്‍റ് പരിശീലനങ്ങള്‍ കുട്ടികളില്‍ ഉന്നതമായ ജനാധിപത്യമൂല്യങ്ങളും നേതൃത്വഗുണവും സംഘടനാ ശേഷിയും പാരിസ്ഥിതിക ബോധവും വളര്‍ത്താന്‍ സഹായകമാകും. പരാജയങ്ങളെ നേരിടാനും അതിജീവിക്കാനുമുളള കരുത്ത് ചെറുപ്രായത്തില്‍ തന്നെ നേടണമെന്നു പറഞ്ഞ മന്ത്രി  ബാലപാര്‍ലമെന്‍റില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭാവിയില്‍ നിയമസഭയിലേക്ക് കടന്നുവരാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു.

ഉദ്ഘാടനത്തിനു ശേഷം നടന്ന ബാലപാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം, സ്ത്രീസുരക്ഷ, വിദ്യാര്‍ത്ഥികളില്‍ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ച ചോദ്യോത്തര വേള, അടിയന്തര പ്രമേയം അവതരിപ്പിക്കല്‍, പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട് എന്നിവയും അരങ്ങേറി.

രാഷ്ട്രപതിയായി ജെസി അലോഷ്യസ്(ആലപ്പുഴ), പ്രധാനമന്ത്രിയായി നന്ദന വി(എറണാകുളം), സ്പീക്കറായി കാദംബരി വിനോദ് (കോഴിക്കോട്), ഡെപ്യൂട്ടി സ്പീക്കറായി ആരോമല്‍ ജയകുമാര്‍(ആലപ്പുഴ), പ്രതിപക്ഷ നേതാവായി സയന്‍ സജി(മലപ്പുറം)എന്നിവര്‍ ബാലപാര്‍ലമെന്‍റില്‍ പങ്കെടുത്തു. അഭിജിത് വി.എസ്, കൃഷ്ണേന്ദു സി.പി എന്നിവര്‍ യഥാക്രമം ധനകാര്യമന്ത്രിയും പാര്‍ലമെന്‍ററികാര്യ മന്ത്രിയുമായി. അഭിനന്ദ് കെ(എറണാകുളം), ആദില്‍ എ(ആലപ്പുഴ), ഫാത്തിമ ദുഫൈമ(കണ്ണൂര്‍), ശിവാനി സന്തോഷ് (ആലപ്പുഴ), ദിയ ജോസഫ് (എറണാകുളം), ഷബാന ഷൗക്കത്ത്(തിരുവനന്തപുരം), എബ്രോണ്‍ സജി(എറണാകുളം), പവിത്ര കെ.ടി (എറണാകുളം), സ്നേഹ കെ.എസ്(കണ്ണൂര്‍), ഐശ്വര്യ പ്രജിത്(ആലപ്പുഴ) എന്നിവര്‍ മറ്റു മന്ത്രിമാരായി. സനുഷ അടിയന്തര പ്രമേയം അവതരിപ്പിച്ചു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍.ആര്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബാലസഭാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എ.എസ്, പബ്ളിക് റിലേഷന്‍സ്  ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍, കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.നജീബ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍.പി.രാജന്‍ കൃതജ്ഞത അറിയിച്ചു. സംസ്ഥാന ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.