സിയറ്റിനെ കുട ചൂടിച്ച് കുടുംബശ്രീ

തൃശ്ശൂര്‍ ജില്ലയിലെ നെന്മണിക്കര പഞ്ചായത്തിലെ ഫ്രണ്ട്സ്, വേളുക്കര പഞ്ചായത്തിലെ നൈസ് എന്നീ കുട നിര്‍മ്മാണ യൂണിറ്റ് അംഗങ്ങള്‍ക്ക് ഈ ഓണക്കാലം അവിസ്മരണീയമായിരുന്നു. ടയര്‍ നിര്‍മ്മാണ കമ്പനിയായ സിയറ്റില്‍ നിന്ന് 1000 വുഡണ്‍ കുടകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള മൂന്ന് ലക്ഷം രൂപയുടെ ഓര്‍ഡറാണ് ഇരു യൂണിറ്റുകള്‍ക്കുമായി ലഭിച്ചത്.

  നിശ്ചിത മാതൃകയില്‍ ലോഗോ പ്രിന്റ് ചെയ്ത കുടകള്‍ തയാറാക്കി നല്‍കാനാകുമോയെന്ന് തൃശ്ശൂര്‍ ജില്ലാ മിഷനോട് കമ്പനി അധികൃതര്‍ അന്വേഷിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ രണ്ട് യൂണിറ്റുകള്‍ക്കുമായി കുടയുടെ ഓര്‍ഡര്‍ വീതിച്ച് നല്‍കാന്‍ ജില്ലാ മിഷന്‍ തീരുമാനിച്ചത്.

  കുടനിര്‍മ്മാണം തകൃതിയായി നടത്തിയ രണ്ട് യൂണിറ്റുകളും നിശ്ചിത സമയത്ത് ഓര്‍ഡര്‍ പൂര്‍ത്തീകരിക്കുകയും എറണാകുളത്ത് തൃപ്പൂണിത്തുറയിലുള്ള കേന്ദ്രത്തിലേക്ക് കുടകള്‍ നല്‍കുകയും ചെയ്തു.