25 കുടുംബങ്ങള്‍ക്ക് വരുമാനമേകി കണ്ണൂരിൻറെ കോഫി കിയോസ്‌കുകള്‍

ജില്ലാ പഞ്ചായത്തുമായി കൈകോര്‍ത്ത് കോഫി കിയോസ്‌കുകളിലൂടെ 25 കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗ്ഗം തുറന്നേകിയിരിക്കുകയാണ് കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍. ഗ്രാമങ്ങളിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് ഉപജീവന അവസരം ഒരുക്കി നല്‍കാനുള്ള കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രോജക്ടാണ് കുടുംബശ്രീ കോഫി കിയോസ്‌കുകള്‍.
  ജില്ലയില്‍ അഞ്ച് കോഫി കിയോസ്‌കുകള്‍ സ്ഥാപിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിട്ടത്. ഓരോ യൂണിറ്റിലും അഞ്ച് കുടുംബശ്രീ വനിതകള്‍ക്കാണ് തൊഴിലവസരം ലഭിക്കുന്നത്. കിയോസ്‌ക് ഒന്നിന് 2.8 ലക്ഷം രൂപയാണ് (ആകെ 14 ലക്ഷം രൂപ) ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ വകയിരുത്തിയത്. അധിക തുക കുടുംബശ്രീ വഴിയും ലഭ്യമാക്കുന്നു.

  ജില്ലയിലെ ആദ്യ കോഫി കിയോസ്‌ക് ചെറുപുഴയിലെ പാടിയോട്ട് ചാലിലാണ് ആരംഭിച്ചത്. റാണി റെജി, ഗൗരി കെ.വി, രമ്യ കെ.വ, ബിന്ദു ചെറിയാന്‍, കാര്‍ത്ത്യായനി.കെ എന്നീ കുടുംബശ്രീ വനിതകള്‍ക്ക് ഇവിടെ കിയോസ്‌ക് നടത്താനുള്ള അവസരവും ലഭിച്ചു.

 ഓഗസ്റ്റ് 31ന് സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി.പി. ദിവ്യ കിയോസ്‌കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം എം. രാഘവന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുനിത കുമാരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചെറുപുഴ കൂടാതെ കണിച്ചാര്‍, പായം, കൊട്ടിയൂര്‍, പടിയൂര്‍ എന്നിവിടങ്ങളിലും കോഫി കിയോസ്‌കുകള്‍ ഉടന്‍ തന്നെ ആരംഭിക്കും.