കുടുംബശ്രീ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘സുദൃഢം-2022’ സംസ്ഥാനതല ക്യാമ്പയിനു തുടക്കമായി. കുടുംബശ്രീയില്‍ ഇതുവരെ അംഗമാകാത്തവരേയും അയല്‍ക്കൂട്ടങ്ങളില്‍ നിന്നു വിട്ടു പോയവരേയും കണ്ടെത്തി ഉള്‍ച്ചേര്‍ക്കുകയാണ് ലക്ഷ്യം. 1071 സി.ഡി.എസ്, 19,438 ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റികള്‍, 3,06,551 അയല്‍ക്കൂട്ടങ്ങളും ഇതില്‍ പങ്കാളികളാകും. ക്യാമ്പയിൻറെ ഭാഗമായി കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, സി.ഡി.എസ് അദ്ധ്യക്ഷമാര്‍ പങ്കെടുത്ത യോഗത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തില്‍ പദ്ധതി വിശദീകരണം നടത്തി.
പുതിയ അയല്‍ക്കൂട്ട രൂപീകരണം, പുതുതായി കടന്നു വരുന്നവരും വിട്ടുപോയവരുമായ അയല്‍ക്കൂട്ട അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, നിഷ്‌ക്രിയമായ അയല്‍ക്കൂട്ടങ്ങളെ പ്രവര്‍ത്തന സജ്ജമാക്കല്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് കണക്കെഴുത്ത് പരിശീലനം നല്‍കല്‍ എന്നിവയാണ് രണ്ടാഴ്ച നീളുന്ന ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടവ. കൂടാതെ തീരദേശ, ന്യൂനപക്ഷ, പട്ടികവര്‍ഗ്ഗ മേഖലകള്‍ കേന്ദ്രീകരിച്ച് അവിടെ സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രവേശനം ഉറപ്പു വരുത്തും. കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരെ കണ്ടെത്തി അവര്‍ക്കായി പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. ഇവര്‍ക്കായി പ്രത്യേക ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടും. പ്രാദേശികമായ പ്രത്യേകതകള്‍ക്കനുസരിച്ചായിരിക്കും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാക്കും.
കുടുംബശ്രീ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ത പരിപാടികളുടെ ഭാഗമായാണ് രണ്ടാഴ്ച നീളുന്ന സുദൃഢം ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ജില്ലാമിഷന്റെ നേതൃത്വത്തില്‍ സി.ഡി.എസുകള്‍ക്കുള്ള പരിശീലനം ഈ മാസം 19ന് സംഘടിപ്പിക്കും. ഇതിനു ശേഷം സി.ഡി.എസ് ഭരണസമിതിയുടെ നേതൃത്വത്തില്‍ ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട് നിര്‍വഹിക്കേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും എ.ഡി.എസുകള്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക. സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ടതലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സംസ്ഥാന, ജില്ലാ മിഷനുകള്‍ സംയുക്തമായി നിര്‍വഹിക്കും.