മാതൃകയാകാന്‍ ‘ടീം ബേഡകം’-രൂപീകരിച്ചിട്ട് 6 മാസം, സ്വന്തമാക്കിയത് 28 ഏക്കര്‍ കൃഷി ഭൂമി!

ഹൈടെക് ഫാമുകള്‍, ഹട്ടുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, പരിശീലന കേന്ദ്രങ്ങള്‍, മാതൃകാ കൃഷിയിടങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഒരു മാതൃകാ കാര്‍ഷിക ഗ്രാമം കാസര്‍ഗോഡ് ജില്ലയ്ക്ക് സമ്മാനിക്കാന്‍ ഒരേ മനസ്സോടെ ഒന്ന് ചേര്‍ന്നിരിക്കുകയാണ് അവർ 6000 അയല്‍ക്കൂട്ടാംഗങ്ങള്‍.

ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി എന്ന പേരിന് കീഴില്‍ വെറും ആറ് മാസങ്ങള്‍ക്ക് മുമ്പ് അണിചേര്‍ന്ന അവര്‍ ഈ ലക്ഷ്യത്തിനായി 28 ഏക്കര്‍ ഭൂമിയാണ് സ്വന്തമാക്കിയത്. വട്ടംതട്ടയിലെ ആനന്ദമഠത്തിലുള്ള തങ്ങളുടെ കമ്പനി സ്ഥലം ഈ മാസം 22ന് നടന്ന ആഘോഷകരമായ ചടങ്ങിൽ വൃത്തിയാക്കുകയും ചെയ്തു. ബേഡകത്തുള്ള 350 അയല്‍ക്കൂട്ടങ്ങളിലെ 2000ത്തിലേറെ സ്ത്രീകളാണ് സ്ഥലം വൃത്തിയാക്കുന്നതിനായി അന്ന് ഒത്തുചേര്‍ന്നത്.

ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്‍ കാസറഗോഡിന്റെയും സഹായത്തോടെ ബേഡഡുക്ക സി.ഡി.എസ് – ന്റെ നേതൃത്വത്തിലാണ് ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനി ആരംഭിച്ചത്. ബേഡകത്തെ 350 അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ മാത്രമാണ് ഓഹരി ഉടമകള്‍. 1000 രൂപയാണ് ഓഹരിക്കായി ഈടാക്കിയത്.

മാതൃകാ കാര്‍ഷിക ഗ്രാമത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിക്കഴിഞ്ഞു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജില്ലയിലാകെയുള്ള പഞ്ചായത്തുകളിലെ കൂടും കോഴിയും പദ്ധതി, മുട്ടക്കോഴി വിതരണം എന്നിവ കമ്പനി ഏറ്റെടുക്കുകയും അത് ഇപ്പോള്‍ വിജയകരമായി നടപ്പിലാക്കി വരികയും ചെയ്യുന്നുണ്ട്. കൂടാതെ മാതൃകാ കൃഷിയിടം, ഹൈബ്രിഡ് പ്ലാന്റ് നഴ്‌സറി, ജൈവവള നിര്‍മ്മാണം തുടങ്ങിയ സംരംഭങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നു.

മികച്ച ശീതീകരണ സംവിധാനമൊരുക്കി, വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ജില്ലയിലെ കര്‍ഷകരില്‍ നിന്നും പഴങ്ങളും പച്ചക്കറികളും നേരിട്ട് ശേഖരിച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് കമ്പനി. മാംസ സംസ്‌ക്കരണ യൂണിറ്റും ബ്രാന്‍ഡിങ്ങും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും ലക്ഷ്യമിട്ടിരിക്കുന്നു.
കാട് തെളിക്കല്‍ പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവന്‍ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ,കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.എച്ച്. ഇക്ബാല്‍, ജില്ലാ ആസൂത്രണ സമിതി അംഗം അഡ്വ. സി. രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. വരദരാജ്, ലത ഗോപി , വസന്തകുമാരി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ. പത്മാവതി, എം. അനന്തന്‍, ഇ. കുഞ്ഞിരാമന്‍, കെ. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം. ഗുലാബി സ്വാഗതവും ശിവന്‍ ചൂരിക്കോട് നന്ദിയും പറഞ്ഞു.