സാഗര്‍മാല – ഡി.ഡി.യു-ജി.കെ.വൈ സംയോജനം, ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു

കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ തുറമുഖ മേഖലാ വികസനത്തിനായി നടപ്പിലാക്കുന്ന ‘സാഗര്‍മാല’ പദ്ധതിയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സര്‍ക്കാരും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ പരിശീലന പരിപാടിയായ ‘ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയും (ഡി.ഡി.യു-ജി.കെ.വൈ)’ തമ്മിലുള്ള സംയോജനം സാധ്യമാക്കുന്നതിനെക്കുറിച്ചുള്ള ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തുറമുഖ വികസനം വരുമ്പോഴുണ്ടാകുന്ന പ്രതിമാസ ശമ്പളം ലഭിക്കുന്ന നിരവധി തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തീരദേശത്തെ യുവതീയുവാക്കള്‍ക്ക് ആവശ്യമായ നൈപുണ്യശേഷി നല്‍കുകയാണ് പദ്ധതി സംയോജനത്തിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തില്‍ പദ്ധതി മുഖേന 3000 പേര്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. ലോജിസ്റ്റിക്‌സ്, ഗ്രീന്‍ ജോബ്‌സ്, ഓട്ടോമോട്ടീവ്, പ്ലംബിങ്, ലൈഫ് സയന്‍സ്, ഐ.ടി-ഐ.ടി.ഇ.എസ് എന്നീ 17 വിഭാഗങ്ങളിലായി 186-ഓളം കോഴ്സുകൾ ലഭ്യമാണ്. എറണാകുളം, കോഴിക്കോട് ജില്ലകളിലാകും പദ്ധതി നടപ്പിലാക്കുക.
എറണാകുളം ഇംപീരിയല്‍ ഇന്‍സിഗ്നിയയില്‍ സെപ്റ്റംബര്‍ 26ന് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍. ആര്‍, കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രീതി, അജ്മേഷ് മാടൻകര, സുധീഷ്, പ്രദീഷ് നായര്‍, (അഴീക്കല്‍ പോര്‍ട്ട്), സന്തോഷ് (എം.പി.ഡി.ഇ.എ) ഡോ. നീലകണ്ഠന്‍ (സിഫ്‌നെറ്റ്), എന്നിവര്‍ പങ്കെടുത്തു.