തൃശ്ശൂരിലെ എറിയാട് പഞ്ചായത്തിൽ വയോജനങ്ങൾ ഇനിമുതൽ ഡബിൾ ഹാപ്പി!

വയോജനങ്ങൾക്ക് മാത്രമായി പെൻഷൻ, ആരോഗ്യ ഇൻഷ്വറൻസ്, തിരിച്ചറിയൽ കാർഡ്, ആരോഗ്യ, കൗൺസിലിങ് ക്യാമ്പുകൾ എന്നിങ്ങനെ ഒട്ടനവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് തുടക്കമിട്ടിരിക്കുകയാണ് തൃശ്ശൂർ ജില്ലയിലെ എറിയാട് പഞ്ചായത്ത് സി.ഡി.എസ്. വയോജനങ്ങളുടെ സംരക്ഷണവും ഉന്നമനവും ലക്ഷ്യമിട്ട് കുടുംബശ്രീ നടത്തുന്ന വയോമൈത്രി പദ്ധതിയുടെ ഭാഗമായി വയോജന സൗഹൃദ സി.ഡി.എസാക്കി മാറ്റുന്ന കേരളത്തിലെ പത്ത് സി.ഡി.എസുകളിൽ ഒന്നാണ് എറിയാട്. ഇതിന്റെ ഭാഗമായാണ് പഞ്ചായത്തിൽ വയോജന ക്ഷേമത്തിനായി പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായി കുടുംബശ്രീ നടത്തുന്ന റിലേഷൻഷിപ്പ് കേരളയുടെ ഭാഗമായാണ് വയോമൈത്രി പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ വയോജന അയൽക്കൂട്ടങ്ങളുള്ള പഞ്ചായത്താണ് എറിയാട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എറിയാടിനെ വയോജന സൗഹൃദ സി.ഡി.എസ് ആക്കി മാറ്റാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പഞ്ചായത്തിലെ 50 വയോജന അയൽക്കൂട്ടങ്ങൾക്ക് ഉപജീവനത്തിനായി സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് 25,000 രൂപ ധനസഹായം ജില്ലാ മിഷൻ നൽകും. കൂടാതെ പഞ്ചായത്തിൻ്റെ സഹായത്തോടെ വാർഡ് തലങ്ങളിൽ വയോജന സൗഹൃദ ഇടങ്ങളും ഒരുക്കുന്നുണ്ട്.പഞ്ചായത്തിലെ 70 വയോജന അയൽക്കൂട്ടങ്ങളിൽ 802 പേർ അംഗങ്ങളാണ്. ഇവരെ ഉൾപ്പെടുത്തി വാർഡ് തല വയോജന സംഗമങ്ങളും നടത്തിയിരുന്നു. എറിയാട് നടന്ന ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ നിർമ്മൽ എ.സി നിർവഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയോജന ക്ഷേമം സേവനങ്ങളും നിയമപരിരക്ഷയും എന്ന വിഷയത്തിൽ സാമൂഹ്യനീതി വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ സി. രാധാകൃഷ്ണൻ സെമിനാർ നടത്തി.എറിയാട് സി.ഡി.എസ് ചെയർപേഴ്സൺ ജമീല അബൂബക്കർ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സിന്ധു.വി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ വിജയകൃഷ്ണൻ, സി.ഡി.എസ് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വയോജനങ്ങളുടെ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു.