പി.എം.എ.വൈ (അർബൻ) – കുടുംബശ്രീയ്ക്ക് ദേശീയ പുരസ്ക്കാരങ്ങൾ

നഗരപ്രദേശത്തെ എല്ലാ ഭവനരഹിതർക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിക്ക് കീഴിൽ മികച്ച സംയോജന പ്രവർത്തനം കാഴ്ച്ചവച്ചതിനുള്ള ദേശീയ അവാർഡുകൾ സ്വന്തമാക്കി കുടുംബശ്രീ. കേരളത്തിലെ പദ്ധതിയുടെ നോഡൽ ഏജൻസി കുടുംബശ്രീയാണ്.

കേന്ദ്ര ഭവന- നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പി.എം.എ.വൈ (അർബൻ) അവാർഡ്സിന്റെ 2021ലെ രണ്ട് സംസ്ഥാനതല പുരസ്ക്കാരങ്ങളാണ് കുടുംബശ്രീ സ്വന്തമാക്കിയത്. കൂടാതെ നിശ്ചിത 150 ദിവസങ്ങളിലെ മികച്ച പ്രകടനം കൂടി അടിസ്ഥാനമാക്കി നഗരസഭാതല പുരസ്ക്കാരങ്ങളിൽ ദേശീയതലത്തിൽ മട്ടന്നൂർ നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തിൽ ലൈഫ് ഭവന പദ്ധതിയുമായി സംയോജിപ്പിച്ചാണ് പി.എം.എ.വൈ (അർ‍ബൻ) പദ്ധതി നടപ്പിലാക്കുന്നത്.

ഉപജീവന പദ്ധതികളുൾപ്പെടെയുള്ള പദ്ധതികളുമായുള്ള ഏറ്റവും മികച്ച സംയോജന മാതൃകയ്ക്കുള്ള പ്രത്യേക പുരസ്ക്കാരവും പദ്ധതിക്ക് കീഴിൽ ഏറ്റവും മികച്ച സമൂഹകേന്ദ്രീകൃത പ്രോജക്ടിനുള്ള പുരസ്ക്കാരവുമാണ് സംസ്ഥാനതലത്തിൽ കുടുംബശ്രീയിലൂടെ കേരളത്തിന് സ്വന്തമായത്. ലൈഫ് ഭവന പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മുഖേന നഗര മേഖലകളിൽ നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ- എൻ.യു.എൽ.എം) പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾ, അതാത് നഗരസഭകളുടെ വിവിധ പദ്ധതികൾ എന്നിവയെല്ലാമായും നടത്തി വരുന്ന ഫലപ്രദമായ സംയോജന പ്രവർത്തനങ്ങളാണ് പ്രത്യേക സംയോജന മാതൃക അവാർഡിന് കുടുംബശ്രീയെ അർഹമാക്കിയത്.

പി.എം.എ.വൈ(അർബൻ) ഗുണഭോക്താക്തൃ കുടുംബങ്ങളെ അയൽക്കൂട്ടങ്ങളുടെ ഭാഗമാക്കുന്നതിനൊപ്പം കുടുംബാംഗങ്ങൾക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം, സ്വയംതൊഴിൽ കണ്ടെത്താനുള്ള പിന്തുണ തുടങ്ങിയവ ലഭ്യമാക്കി മെച്ചപ്പെട്ട തൊഴിലും ഉപജീവന അവസരവും കുടുംബശ്രീ സംയോജനത്തിലൂടെ ഒരുക്കി നൽകുന്നു. കൂടാതെ സൗജന്യ ഗ്യാസ് കണക്ഷനും കേന്ദ്ര പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുന്നതോടെ ഗുണഭോക്താവിന് ഭവന നിർമ്മാണത്തിന് 27,990 രൂപയുടെ അധിക ധനസഹായവും ലഭിക്കുന്നു. ഇത് കൂടാതെ 2021വരെ ഭവന നിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളെ യെല്ലാം ഭവന ഇൻഷുറൻസിൽ ചേർക്കുക, നിർധനരായ ഗുണഭോക്താക്കൾക്ക് സി.എസ്.ആർ സഹായം നേടിക്കൊടുക്കുക, ഭവന നിർമ്മാണ സാമഗ്രികൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക തുടങ്ങിയ കുടുംബശ്രീയുടെ ഇടപെടലുകളും പുരസ്ക്കാര നിർണ്ണയത്തിൽ പരിഗണിച്ചു.

ഈ പദ്ധതിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സഹായം നൽകുന്ന സംസ്ഥാനവും കേരളമാണ്. കേന്ദ്ര സർക്കാർ നൽകുന്ന 1.50 ലക്ഷം രൂപയ്ക്ക് പുറമേ സംസ്ഥാന സർക്കാരും നഗരസഭകളും ചേർന്ന് 2.50 ലക്ഷം രൂപയും ഗുണഭോക്താവിന് നൽകുന്നു. കൂടാതെ ലൈഫ് മിഷനുമായി സംയോജിപ്പിച്ചതിന് ശേഷം ഗുണഭോക്തൃ വിഹിതം ഈടാക്കുന്നതുമില്ല.

പദ്ധതി നിർവ്വഹണത്തിലുള്ള മികവ്, 150 ദിവസ ചലഞ്ചിലെ മികച്ച പ്രകടനം, അംഗീകാരം ലഭിച്ച വീടുകളുടെയെല്ലാം നിർമ്മാണം ആരംഭിക്കൽ, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എം.ഐ.എസ്) കൃത്യമായി പിന്തുടരൽ തുടങ്ങിയവയാണ് മട്ടന്നൂരിനെ അവാർഡിന് അർഹമാക്കിയത്. ഒക്ടോബർ 17 മുതൽ 19 വരെ ഗുജറാത്തിലെ രാജ്കോട്ടിൽ നടക്കുന്ന ഇന്ത്യൻ അർബൻ ഹൗസിങ് കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുരസ്ക്കാരങ്ങൾ സമ്മാനിക്കും.