ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി കുടുംബശ്രീ

യുവതലമുറയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ പ്രതിരോധം തീർക്കുന്നതിനുള്ള  സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി  കുടുംബശ്രീയും. അയൽക്കൂട്ടങ്ങളും ഓക്സിലറി ഗ്രൂപ്പുകളും ബാലസഭകളും കേന്ദ്രീകരിച്ചാണ് ഈ പ്രവർത്തനങ്ങൾ കുടുംബശ്രീ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
അയൽക്കൂട്ടങ്ങളിലും ഓക്സിലറി ഗ്രൂപ്പുകളിലും ബോധവൽക്കരണം നടത്തുന്നതിന്റെ  ഭാഗമായി 09/10/22  പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർത്തു. സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം അയൽക്കൂട്ടങ്ങളിലും 19,000ത്തോളം ഓക്സിലറി ഗ്രൂപ്പുകളിലും ഈ പ്രവർത്തനങ്ങൾ നടന്നു. 

ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ, ലഹരി ഉപയോഗം  തടയാൻ കൈക്കൊള്ളാനാകുന്ന മാർഗങ്ങൾ,  ലഹരിക്ക്‌ അടിമപ്പെടുന്നതിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ കൈക്കൊള്ളേണ്ട മുൻകരുതലുകൾ, ചികിത്സാ സൗകര്യങ്ങൾ എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങൾ ഉൾപ്പെടുന്ന ബോധവത്ക്കരണ കുറിപ്പ്  ഈ യോഗങ്ങളിൽ വായിക്കുകയും അത് അടിസ്ഥാനമാക്കി  ചർച്ചകൾ നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.


സംസ്ഥാനത്തെ എല്ലാ കുടുംബശ്രീ സി.ഡി.എസുകളിലും ബാലസഭാംഗങ്ങളെ ഉള്‍പ്പെടുത്തി ഇക്കഴിഞ്ഞ ദിവസങ്ങളിലായി  ലഹരി ബോധവത്ക്കരണ  പരിപാടികളും  സംഘടിപ്പിച്ചിരുന്നു. ബാലസഭാംഗങ്ങള്‍ പങ്കെടുത്ത  മാരത്തോണ്‍, ഇവര്‍ നല്‍കുന്ന ലഹരി വിരുദ്ധ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിഗ്നേച്ചര്‍ ട്രീ, ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലൽ, ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പെടെയുള്ള കലാകായിക മത്സരങ്ങൾ എന്നിവയാണ് ഓരോ ജില്ലയിലും സംഘടിപ്പിച്ചത്.