ഇല്ലിക്കല്‍ക്കല്ലില്‍ പരമ്പരാഗത ഉത്പന്ന വിപണന മേള ഒരുക്കി കുടുംബശ്രീ

കോട്ടയം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇല്ലിക്കല്‍ക്കല്ലില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലെത്തിയവര്‍ക്ക് അതിവിശിഷ്ടമായ ചില ഉത്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമേകി കുടുംബശ്രീ. കുടുംബശ്രീ കോട്ടയം ജില്ലാ മിഷനും മൂന്നിലവ് ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ഒക്ടോബര്‍ 1 മുതല്‍ 5 വരെ സംയുക്തമായി നടത്തിയ പരമ്പരാഗത ഉത്പന്ന വിപണന മേള ‘ഇല്ലിക്കല്‍ക്കല്ല് സ്‌പെഷ്യല്‍ ട്രേഡ് ഫെയര്‍’ വഴിയാണ് ഈ അവസരം ഒരുക്കിയത്.

മൂന്നിലവ് പഞ്ചായത്തിലെ പരമ്പരാഗത ഗോത്ര വിഭാഗക്കാര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളും ഈരാറ്റുപേട്ട ബ്ലോക്കിലെ 24 കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങളും മേളയില്‍ വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നു.

കുട്ട, മുറം, പായ, പുല്‍ച്ചൂലുകള്‍, ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, ഔഷധ ഗുണമുള്ള കൂവപ്പൊടികള്‍, ചെറുതേന്‍, വന്‍തേന്‍ തുടങ്ങിയ ഗോത്ര ഉത്പന്നങ്ങള്‍ക്കും കുടകള്‍, കറിപ്പൊടികള്‍, പലഹാരങ്ങള്‍, വിനാഗിരി, വെളിച്ചെണ്ണ, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, കാച്ചില്‍, ചേമ്പ്, ഇഞ്ചി, കപ്പ എന്നിങ്ങനെയുള്ള ഉത്പന്നങ്ങള്‍ക്കുമെല്ലാം ഏറെ ആവശ്യക്കാരുണ്ടായിരുന്നു. 5 ദിവസങ്ങള്‍ കൊണ്ട് 62,360 രൂപയുടെ വിറ്റുവരവ് നേടാനും കഴിഞ്ഞു.