പ്രീമിയമായി കുടുംബശ്രീ, തുടക്കം മെട്രോ സ്‌റ്റേഷനില്‍

കുടുംബശ്രീ സംരംഭകരുടെ പ്രീമിയം ഉത്പന്നങ്ങളുടെയും കൃഷി സംഘങ്ങളുടെ കാര്‍ഷികോത്പന്നങ്ങളുടെയും വിപണനം നടത്തുന്നതിന് എറണാകുളത്ത് കുടുംബശ്രീയുടെ കഫേ കം പ്രീമിയം ഔട്ട്‌ലെറ്റ് ‘പ്രീമിയം ബാസ്‌കറ്റി’ന് തുടക്കം.  

കൊച്ചി മെട്രോയുമായി സഹകരിച്ച് എസ്.എന്‍ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്ന ‘പ്രീമിയം ബാസ്‌കറ്റിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 11ന് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു. എസ്.എന്‍ മെട്രോ സ്റ്റേഷനിലെ 600 ചതുരശ്രയടി വരുന്ന സ്ഥലത്താണ് പ്രീമിയം ബാസ്‌കറ്റ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം കാക്കനാട് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതി കേന്ദ്രമാണ് ഈ ഷോപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സമീപ പ്രദേശങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് കുടുംബശ്രീ അംഗങ്ങള്‍ അടങ്ങുന്ന സംരംഭത്തിനാണ് കുടുംബശ്രീ പ്രീമിയം ബാസ്‌കറ്റിന്റെ നടത്തിപ്പ് ചുമതല. എറണാകുളം ജില്ലയിലെയും മറ്റു  ജില്ലകളിലെയും കുടുംബശ്രീ സംരംഭകരുടെ പ്രീമിയം ഉത്പന്നങ്ങളും കുടുംബശ്രീ കര്‍ഷകരുടെ പച്ചക്കറിയും, കട്ട് വെജിറ്റബിളും പ്രീമിയം ബാസ്‌കറ്റില്‍ ലഭിക്കും. ചായ, കോഫി, സ്‌നാക്‌സ്, കൂള്‍ ഡ്രിങ്ക്‌സ് എന്നിവ കഫേയിലുമുണ്ട്. .

ഉദ്ഘാടന ചടങ്ങില്‍ തൃപ്പൂണിത്തുറ എം.എല്‍.എ, കെ. ബാബു, തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ വിഷ്ണു രാജ് ഐ.എ.എസ്, കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മൈന ഉമൈബാന്‍, കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രീതി എം.ബി എന്നിവരും പങ്കെടുത്തു.